ഹരിയാനാ മുഖ്യമന്ത്രി ഇന്ത്യക്കാരനല്ലേ?: പൗരത്വം സംബന്ധിച്ച രേഖകൾ ഹരിയാന സർക്കാരിൻ്റെ പക്കലില്ല

single-img
5 March 2020

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ, കാബിനറ്റ് മന്ത്രിമാർ, ഗവർണർ എന്നിവരുൾപ്പെടെയുള്ളവരുടെ പൗരത്വം സംബന്ധിച്ച രേഖകൾ ഹരിയാന സർക്കാരിന്റെ പക്കൽ ഇല്ലെന്ന് വിവരാവകാശ രേഖകൾ. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാ മന്ത്രിമാരുടെയും ഗവർണർ സത്യദേവ് നാരായണ ആര്യയുടെയും പൗരത്വ തെളിവ് സംബന്ധിച്ച വിവരങ്ങൾ ചോദിച്ചപ്പോഴാണ് രേഖകൾ നിലവിലില്ലെന്ന മറുപടി ലഭിച്ചത്. 

രേഖകൾ  ആവശ്യപ്പെട്ട് ജനുവരി 20 ന് പാനിപ്പറ്റ് ആസ്ഥാനമായുള്ള സന്നദ്ധ പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. പി‌.പി കപൂർ എന്ന സന്നദ്ധ പ്രവർത്തകന്റെ അപേക്ഷയോട് പ്രതികരിച്ച ഹരിയാനയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, ഇത് സംബന്ധിച്ച് സർക്കാരിന്റെ പക്കൽ രേഖകളൊന്നുമില്ല എന്ന് അറിയിച്ചു. പൗരത്വ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമാകുമെന്നാണ് പി‌ഐ‌ഒ പൂനം രതി അറിയിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനധികൃത കുടിയേറ്റം പരിശോധിക്കുന്നതിനായി ദേശീയ പൗരന്മാരുടെ രജിസ്റ്റർ അല്ലെങ്കിൽ എൻ‌ആർ‌സി നടപ്പാക്കുമെന്ന് മനോഹർ ലാൽ ഖത്തർ വാഗ്ദാനം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പൗരത്വ രേഖകൾ കാണാനില്ലെന്ന വിവരവകാശ മറുപടി ലഭിച്ചിരിക്കുന്നത്.