ഇടഞ്ഞു നിൽക്കുന്നവരെ മെരുക്കി സുരേന്ദ്രന്റെ ടീം പ്രഖ്യാപനം ; എ എൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാര്‍

single-img
5 March 2020

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയതിനെ തുടര്‍ന്ന് ഇടഞ്ഞു നിൽക്കുന്നവരെ മെരുക്കാനുറച്ചാണ് സുരേന്ദ്രന്റെ ടീം പ്രഖ്യാപനം. കെ സുരേന്ദ്രന് കീഴിൽ പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എഎൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക. പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കൾ വലിയ എതിര്‍പ്പുകൾ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കെ സുരേന്ദ്രനെതിരെ എതിര്‍പ്പ് ഉന്നയിച്ചെത്തിയ മുതിര്‍ന്ന നേതാക്കൾ ഭാരവാഹി പട്ടികയോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയാനുള്ളത്.

എ.എൻ. രാധാക‍ൃഷ്ണന്‍, ശോഭാ സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി എന്നിവരുൾപ്പെടെ 10 വൈസ് പ്രസിഡന്റുമാരാണുള്ളത്. എം.ടി രമേശും ജോര്‍ജ് കുര്യനും ഉള്‍പ്പെടെ നാല് ജനറല്‍ സെക്രട്ടറിമാരുണ്ട്. ജെ.ആര്‍ പത്മകുമാറാണ് ട്രഷറര്‍. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പട്ടികയിൽ മൂന്നിലൊന്നു സ്ഥാനം ഇതാദ്യമായി സ്ത്രീകൾക്കു നൽകി. യുവാക്കൾക്കും പുതിയ തലമുറയിലെ പ്രവർത്തകർക്കും അവസരം നൽകിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ ചാനല്‍ മുഖങ്ങളായ ബി.ഗോപാലകൃഷ്ണന്‍, സന്ദീപ് വാരിയര്‍ എന്നിവരും വക്താക്കളായി. സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ യുവമോര്‍ച്ചയുടെയും നിവേദിത സുബ്രഹ്മണ്യന്‍ മഹിളാമോര്‍ച്ചയുടെയും അധ്യക്ഷപദവിയിലെത്തി. ബിജെപി വിട്ടുപോയി ഭാരതീയജനപക്ഷമെന്ന പാര്‍ട്ടി രൂപീകരിച്ച ശേഷം തിരിച്ചെത്തിയ മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ള കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗമായി. സി.കെ.പത്മനാഭനും ദേശീയകൗണ്‍സിലംഗങ്ങളായ 30 പേരില്‍ പെടുന്നു.

പട്ടിക ഇവരിൽ നിന്ന്

വൈസ് പ്രസിഡന്റ്:

എ.എൻ. രാധാകൃഷ്ണൻ
ശോഭാ സുരേന്ദ്രൻ
കെ.എസ്. രാധാകൃഷ്ണൻ
സി. സദാനന്ദൻ മാസ്റ്റർ
എ.പി. അബ്ദുള്ളക്കുട്ടി
ഡോ.ജെ. പ്രമീളാദേവി
ജി. രാമൻ നായർ
എം.എസ്. സമ്പൂർണ
വി.ടി. രമ
വി.വി. രാജൻ

ജനറൽ സെക്രട്ടറിമാർ:

എം.ടി. രമേശ്
ജോർജ് കുര്യൻ
സി. കൃഷ്ണകുമാർ
പി. സുധീർ
എം. ഗണേശൻ (സംഘടന)
കെ. സുഭാഷ് (സഹ സംഘടന)

സെക്രട്ടറിമാർ:

സി. ശിവൻകുട്ടി
രേണു സുരേഷ്
രാജി പ്രസാദ്
ടി.പി.സിന്ധുമോൾ
എസ്. സുരേഷ്
എ. നാഗേഷ്
കെ. രഞ്ജിത്ത്
പി. രഘുനാഥ്
കെ.പി. പ്രകാശ് ബാബു
കരമന ജയൻ

ട്രഷറർ:

ജെ.ആർ. പത്മകുമാർ

വക്താക്കൾ:

എം.എസ്. കുമാർ
നാരായണൻ നമ്പൂതിരി
ബി. ഗോപാലകൃഷ്ണൻ
ജി. സന്ദീപ് വാര്യർ