ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവ്: നിർണ്ണായക മൊഴി നൽകി അച്ഛൻ

single-img
5 March 2020

ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവെന്നു റിപ്പോർട്ടുകൾ. മുമ്പും  കുടവട്ടൂരിലെ വീട്ടില്‍ നിന്നും ദേവനന്ദ ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നല്‍കിയാതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  കുടുംബസുഹൃത്താണ് അന്നു വീട്ടില്‍ തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

കാണാതായ ദിവസം രാവിലെ ഒമ്പതുമണിക്ക് ദേവനന്ദ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കടയില്‍ വന്നുവെന്ന് കടയുടമയും മൊഴി നല്‍കിയിട്ടുണ്ട്. സോപ്പ് വാങ്ങാനാണ് കുട്ടി വന്നതെന്നും കടയുടമ വെളിപ്പെടുത്തി. കുട്ടി എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന രക്ഷാകര്‍ത്താക്കളുടെ ആദ്യമൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികളെന്നാണ് വിലയിരുത്തൽ. 

മുതിര്‍ന്നവരുടെ അനുവാദമില്ലാതെ കുട്ടി വീടിന് പുറത്തുപോകാറില്ലെന്നും, അയല്‍വീട്ടില്‍ പോലും പോകുന്ന ശീലമില്ലെന്നും മുത്തച്ഛനും അമ്മയുമടക്കം നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ  കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം ഇന്നലെ ഇളവൂരിലെ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു.

 തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങിയ സംഘം ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനൊപ്പമാണ് വീട്ടിലെത്തിയത്. 

കുട്ടിയെ കാണാതായ സമയത്ത് അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും, വീടിന് അടുത്തുള്ള റോഡരികിലെ പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും, ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും, ഷാള്‍ കണ്ടെത്തിയ നടപ്പാലവും സംഘം പരിശോധിച്ചു. നടപ്പാലത്തിന് സമീപത്തെ ആറിന്റെ ആഴം അളന്ന് തിട്ടപ്പെടുത്തി. ആദ്യ അന്വേഷണസംഘത്തില്‍ നിന്നും നിലവിലെ അന്വേഷണസംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.