ഈ 10 കണ്ടെത്തലുകൾ ദേവനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരും: മുൻ അന്വേഷണ ഉദ്യാേഗസ്ഥൻ്റെ വെളിപ്പെടുത്തൽ

single-img
5 March 2020

ഇത്തിക്കരയാറിൻ്റെ കൈവഴിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിൽ ഏറെ ദുരൂഹതകളുണ്ടെന്ന് വ്യക്തമാക്കി മുൻ എസ് പിയും അന്വേഷണ വിദഗ്ദ്ധനുമായിരുന്ന ജോർജ് ജോസഫ്. ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് സാഹചര്യങ്ങൾ. പൊലീസ് ഇനിയും ഒരുപാട് വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു 10 സംശയങ്ങളാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്. 

പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ കുട്ടിയുടെ കാലിൽ മണ്ണുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെരുപ്പിടാതെയാണ് കുട്ടി പോയതെങ്കിൽ കാലിൽ മണ്ണുണ്ടാകും. എത്ര മണിക്കൂർ വെള്ളത്തിൽ കിടന്നാലും ചെറിയ തോതിലെങ്കിലും മണ്ണ് കാലിന്റെ അടിഭാഗത്തുണ്ടാവും. മണ്ണ് കിട്ടിയിരുന്നെങ്കിൽ ഏതുവഴി എവിടെയൊക്കെ പോയെന്ന് വ്യക്തമായി കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

എത്ര ജോടി ചെരുപ്പ് കുട്ടിക്കുണ്ടെന്ന് നോക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ കുട്ടികൾ പൊതുവേ ചെരുപ്പിടാതെ പുറത്തിറങ്ങാറില്ല. ചെരുപ്പുകൾ വല്ലതും നഷ്ടമായിട്ടുണ്ടോയെന്ന് നോക്കണം. ഇത്തരം കാര്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ പലതും തെളിയിക്കാനാവുമെന്നുള്ളതാണ് അദ്ദേഹത്തിൻ്റെ വാദം. 

കുട്ടി മരിച്ചുകിടന്ന ഇത്തിരക്കരയാറിന് സമീപത്തെ പ്രദേശം വിജനമാണ്. ഈ സ്ഥലത്തുകൂടി സാധാരണ കുട്ടികൾ പോകാൻ മടിക്കും. അബദ്ധത്തിൽ കുട്ടി കാൽവഴുതി വീണുവെന്നാണ് പൊലീസ് കരുതുന്നതെങ്കിൽ കുട്ടിയുടെ ശരീരത്തിൽ കുറ്റിച്ചെടികളും മറ്റും ഉരസിയ പാടുകൾ ഉണ്ടാവുമെന്നും ജോർജ് ജോസഫ് പറയുന്നു. പ്രത്യേകിച്ച് കുട്ടിയുടെ ശരീരത്തിൽ ചുവന്നതോ നീലിച്ചതോ ആയ പാടുകൾ പ്രത്യക്ഷപ്പെടുമായിരുന്നു. ഇത്തരം പാടുകൾ ഇല്ലാത്തത് ദുരൂഹത ഉണർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

 കുട്ടി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുനിന്ന് കണ്ടെത്തിയ ഷാൾ കേസിൽ ഏറെ നിർണായകമാണെന്നുള്ളതാണ് മുൻ എസ് പി ചൂണ്ടിക്കാണിക്കുന്നത്.  അമ്മയുടെ ഷാൾ വീടിനുള്ളിൽ സാധാരണ കുട്ടികളെടുത്ത് സാരി പോലെ ചുറ്റി കളിക്കാറുണ്ട്. പക്ഷേ പുറത്തിറങ്ങി നടക്കുന്ന കുട്ടി അങ്ങനെ ചെയ്യാനുള്ള സാദ്ധ്യത കുറവാണെന്നാണ് അദ്ദേഹത്തിൻ്റെ അവാദം. ഇനി കുട്ടിയുടെ ശരീരത്തിൽ ഷാൾ ചുറ്റിയിരുന്നെങ്കിലും അത് കാണാനുള്ള സാദ്ധ്യത കുറവാണ്. വെള്ളത്തിൽ തനിയെ വീണെങ്കിൽ ഷാൾ ഒഴുകി മാറിയേനെ. കുട്ടി മരിച്ചുകിടന്നതിനടുത്ത് നിന്നുതന്നെ ഷാൾ കിട്ടിയത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാളും മൃതദേഹത്തിനൊപ്പം ഒഴുകിയെത്താനുള്ള സാദ്ധ്യത ഒരിക്കലുമുണ്ടാവില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. 

 മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തള്ളിയിട്ടാലും എടുത്തിട്ടാലും ഷാളുകൊണ്ട് വലിച്ച് തള്ളിയാലും ആറ്റിൽ വീണ് മരിക്കും. അത് മുങ്ങി മരണമാവും. എങ്ങനെയാണ് ആറ്റിൽ വീണതെന്നാണ് കണ്ടെത്തേണ്ടത് ഈ അവസരത്തിൽ നിർണ്ണായകാണ്. സ്വാഭാവികമായ വീഴ്ചയെങ്കിൽ പാടുകൾ ശരീരത്തിൽ ഉണ്ടാവും. പാടുകൾ യാതൊന്നും കണ്ടെത്താൻ കഴിയാത്ത സ്ഥിതിക്ക് ഒരാൾ കുട്ടിയെ എടുത്ത് എറിയാനുള്ള സാദ്ധ്യത തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

കുട്ടി വീണ സ്ഥലത്തുനിന്ന് ഒഴുകി മറുകരയിൽ എത്തിയതായാണ് നിഗമനം. ഇത് ശരിയാണെങ്കിൽ ആറ്റിലെ ഒഴുക്കിൻ്റെ ശക്തി പരിശോധിക്കേണ്ടതുണ്ട്. വേനൽക്കാലമായതിനാൽ ഒഴുക്കിന്റെ ശക്തി കുറയാനിടയുണ്ട്. അത് കൃത്യമായും പരിശോധിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കുട്ടി വീണ് ഒഴുകിപ്പോയതാണോയെന്ന് പരിശോധിക്കാൻ പൊലീസ് ഡമ്മി പരിശോധന നടത്തണം. ഇതിലൂടെ കുറെ കാര്യങ്ങൾ ചുരുളഴിയും. കുട്ടി കിടന്ന സ്ഥലവും പരിസരവും സൂക്ഷ്‌മമായി വിലയിരുത്തണം.

കുട്ടി രാവിലെ കഴിച്ച ഭക്ഷണവും വയറ്റിലുണ്ടായിരുന്ന ഭക്ഷണവും പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. രാവിലെ കൊടുത്ത ഭക്ഷണം തന്നെയാണോ കുഞ്ഞിന്റെ വയറ്റിലുള്ളതെന്ന് നോക്കിയാൽ വേറെ ഭക്ഷണം ആരെങ്കിലു കൊടുത്തിട്ടുണ്ടോയെന്ന് അറിയാം. മലത്തിൻ്റെ അളവ് ഡോക്ടർമാർ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതും നിർണായക തെളിവാകുമെന്നുള്ള വസ്തുതയും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.ഴ 

മുൻപും കുട്ടിയെ കാണാതായിട്ടുണ്ടെന്നുള്ള ചില വിവരങ്ങളും അന്നുണ്ടായ കാര്യങ്ങളും സൂക്ഷ്‌മമായി വിശകലനം ചെയ്യണം. അന്ന് കുട്ടിയെ കണ്ടെത്തിയ അവസ്ഥയും സാഹചര്യങ്ങളും കൂടി നോക്കണമെന്നുള്ളതും ഈ അവസരത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

അമ്മ വസ്ത്രം അലക്കാൻ പോകുമ്പോൾ ദേവനന്ദ ജനലിലൂടെ അയൽപക്കത്തെ കുട്ടിയോട് സംസാരിച്ചതായി ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ കുട്ടിയെ കാണാതായത് ഒരു മണിക്കൂർ മുൻപ് എന്ന നിഗമനം തെറ്റാകും. സംസാരിച്ചെങ്കിൽ അതിനെടുത്ത സമയവും മരിച്ച സമയവും നിർണായകമാണെന്നുള്ളതാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹത്തിൻ്റെ വാദം.