കേരളത്തിൽ കൊറോണ സംശയിക്കപ്പെടുന്ന ഒരാൾ പോലും ഇല്ല എന്ന് 100 ശതമാനം ഉറപ്പില്ലെങ്കിൽ ആറ്റുകാൽ പൊങ്കാല എങ്ങനെ നടക്കും?: രാജ്യത്ത് കൊറോണ പടരാനാരംഭിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല

single-img
5 March 2020

കൊറോണക്കാലത്ത് ആറ്റുകാൽ പൊങ്കാല ഒരു ചോദ്യചിഹ്നമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. അനീഷ് പുനലൂരാണ് ആറ്റുകാൽ പൊങ്കാല കൊറോണ പടരാനുള്ള ഏറ്റവും വലിയ സാഹചര്യം സൃഷ്ടിക്കുൃകയാണെന്നു കാര്യകാരണ സഹിതം വ്യക്തമാക്കിയിരിക്കുന്നത്. പതിനാറാം വയസ്സിൽ സംഭവിച്ച ആക്സിഡൻ്റിൽ ശരീരത്തിൻ്റെ പകുതി തളർന്ന് ഇന്നും കിടക്കയിൽ ജീവിക്കുന്ന വ്യക്തിയാണ് അനീഷ്. 

കേരളത്തിൽ കൊറോണ സംശയിക്കപ്പെടുന്ന ഒരാൾ പോലും ഇല്ല എന്ന് 100 ശതമാനം ഉറപ്പില്ലെങ്കിൽ പരിപാടി നടത്തരുതെന്നും അനീഷ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സർവൈലൻസ് സിസ്റ്റം 100 ശ്തമാനം പിഴവില്ലാത്തതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ അല്ലാതെ പരിപാടി നടത്താൻ പാടില്ല. ലോക്കൽ ട്രാൻസ്മിഷൻ എന്തെങ്കിലും സാഹചര്യവശാൽ ഉണ്ടായാൽ നമുക്ക് താങ്ങാനാവാത്ത നഷ്ടമായിരിക്കും ഉണ്ടാവുകയെന്നും അനീഷ് പറയുന്നു. 

 കേരള സർക്കാരിൻറെ കോൺഫിഡൻസ് ലെവൽ ആണ് വിഷയം. ഏതെങ്കിലും സാഹചര്യവശാൽ ഒരു പാളിച്ച ഉണ്ടായാൽ ഇതുവരെ കഷ്ടപ്പെട്ടതും ചെയ്തതും ഒക്കെ വൃഥാവിലാകും. ദൈവം, ഭക്തി, വിശ്വാസം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞ് കൂട്ടം കൂടിയിട്ട് അസുഖം പടർന്നാൽ ചികിത്സിക്കാൻ ദൈവം ഉണ്ടാവില്ല എന്ന ബോധ്യം വേണമെന്നും അനീഷ് ചൂണ്ടിക്കാട്ടുന്നു. 

ആറ്റുകാൽ പൊങ്കാല മാത്രമല്ല സമാനമായ വലിയ സമ്മേളനങ്ങൾ എല്ലാം ഒരേ രീതിയിൽ തന്നെ പരിഗണിക്കേണ്ടതാണ്. അതിൽ ഏതു മതം എന്നത് പ്രസക്തമല്ല, രാഷ്ട്രീയ പാർട്ടികളുടെ വമ്പൻ സമ്മേളനങ്ങൾ ആണെങ്കിലും ഇതുതന്നെ അഭിപ്രായമെന്നുള്ള കാര്യവും അനീഷ് വ്യക്തമാക്കുന്നുണ്ട്. 

അനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ആറ്റുകാല് പൊങ്കാല 2020

ജിനേഷ് ഡോക്ടര്‍ എഴുതിയ കൊറോണ അപ്‍ഡേറ്റ് കൂടെ ഭക്തജനങ്ങളും നല്ലവരായ നാട്ടുകാരും ശ്രദ്ധിക്കേണ്ടതാണ്.
ജിനേഷ് ഡോക്ടറുടെ പോസ്റ്റ് താഴെ.

ലോകത്തിലാകെ ഇതുവരെ തൊണ്ണൂറ്റിമൂവായിരത്തോളം പേരെ ബാധിച്ച്, 3200 ഓളം മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് കൊറോണ. മരണനിരക്ക് ആദ്യം ഉണ്ടായിരുന്ന രണ്ട് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിന് മുകളിലേക്ക് കയറി.

ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ചൈനയിൽ എൺപതിനായിരത്തിൽ പരം പേര് ബാധിച്ച 2945 മരണങ്ങൾ. ദക്ഷിണകൊറിയയിൽ അയ്യായിരത്തിലധികം പേരെ ബാധിച്ച്, 34 മരണങ്ങൾ. ഇറ്റലിയിൽ 2500 ലധികം പേരെ ബാധിച്ച് 79 മരണങ്ങൾ, ഇന്നലെ ഒരു ദിവസം മാത്രം മരണമടഞ്ഞവർ 27 പേർ. ഇറാനിൽ 2300 ലധികം പേരെ ബാധിച്ച് 77 മരണങ്ങൾ.

ഇതുവരെ എഴുപതിലധികം രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 15 രാജ്യങ്ങളിൽ മരണങ്ങളും ഉണ്ടായി.

ഇറാനിൽ പാർലമെൻറ് അംഗങ്ങൾക്കു വരെ കൊറോണ പോസിറ്റീവായി. ആരോഗ്യ പ്രവർത്തകർക്ക് സഹായത്തിനായി സൈന്യത്തിൻറെ സേവനം വിട്ടു കൊടുത്തിരിക്കുകയാണ് ഇറാൻ.

തെക്കൻ കൊറിയയിൽ ദക്ഷിണകൊറിയയിൽ 60 ശതമാനം കേസുകളും Shincheonji Church of Jesus ലെ ആരാധന മൂലം പടർന്നതാണെന്നതിനാൽ സഭാതലവൻ ലീ മാൻ ഹി രാജ്യത്തോട് മാപ്പ് ചോദിച്ചു. അവിടെയും ആരോഗ്യസംരക്ഷണത്തിന് സൈന്യ സഹായം ലഭിക്കുന്നു.

അസുഖം പകരാതിരിക്കാൻ ലോകത്തിലെ പല രാജ്യങ്ങളും ചൈന, ഇറ്റലി, കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തുന്നു.

അസുഖം പകരാതിരാനുള്ള സാധ്യത പരിഗണിച്ച് സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച വാഹന പ്രദർശനങ്ങളിൽ ഒന്നായ ജനീവ ഓട്ടോ ഫെസ്റ്റിവൽ ക്യാൻസൽ ചെയ്യപ്പെട്ടിരിക്കുന്നു. ആയിരത്തിൽ കൂടുതൽ ആൾക്കാർ കൂട്ടുകൂടുന്നതിന് സ്വിറ്റ്സർലൻഡ് സർക്കാർ നിരോധിച്ചിരിക്കുന്നു.

ഇറ്റലിയിൽ മിലാൻ ഫാഷൻ ഷോ റദ്ദാക്കിയിരിക്കുന്നു.

ഫെബ്രുവരി അവസാനത്തിൽ സ്പെയിനിലെ ബാഴ്സലോണയിൽ നടക്കേണ്ടിയിരുന്ന വേൾഡ് മൊബൈൽ കോൺഗ്രസ് റദ്ദ് ചെയ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഇലക്ട്രോണിക് ഷോ ആയിരുന്നു.

റദ്ദ് ചെയ്യപ്പെട്ട പ്രോഗ്രാമുകളിൽ ചിലത് മാത്രമാണ്.

ഒരു കാര്യം മനസ്സിലാക്കേണ്ടത് എഴുപതിലധികം രാജ്യങ്ങളിൽ 31 രാജ്യങ്ങളിൽ ലോക്കൽ ട്രാൻസ്മിഷൻ ഉണ്ടായി എന്നതാണ്. അതായത് ചൈനയിൽ നിന്ന് വന്നവർക്ക് മാത്രമല്ല അസുഖം ബാധിച്ചത് എന്ന് ചുരുക്കം. ചൈനയിൽനിന്ന് അതാത് രാജ്യത്ത് എത്തിയവരിൽ നിന്നും മറ്റുള്ളവർക്ക് അസുഖം പകർന്നു.

ഇന്ത്യയിൽ ഇതുവരെ ലോക്കൽ ട്രാൻസ്മിഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ അത് ഉണ്ടാവില്ല എന്ന് നമുക്ക് ഉറപ്പു പറയാൻ സാധിക്കില്ല.

കേരളത്തിൽ മൂന്നു കേസുകൾ കണ്ടെത്തുകയും പൂർണമായും ചികിത്സിച്ച് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നും മൂന്നു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജസ്ഥാൻ, തെലുങ്കാന, ഡൽഹി എന്നിവിടങ്ങളിൽ.

അതായത് കേരളത്തിൽ എയർപോർട്ട് സർവ്വയലൻസ് മാത്രം പോരാതെ വരാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം. മുകളിൽ വിവരിച്ച പല രാജ്യങ്ങളിലേയും പോലെയല്ല. ഇന്ത്യയിൽ ലോക്കൽ ട്രാൻസ്ലേഷൻ ആരംഭിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും. ഉയർന്ന ജനസാന്ദ്രത ഒരു വിഷയമാണ്. തികഞ്ഞ അശാസ്ത്രീയത ഒരു വിഷയമാണ്.

കൊറോണ പ്രതിരോധത്തിന് ഹോമിയോ-സിദ്ധ മരുന്നുകൾ ഉപയോഗിക്കാൻ പറയുന്ന സർക്കാർ വകുപ്പുകൾ മറ്റു രാജ്യങ്ങളിലൊന്നും ഉണ്ടാകാൻ സാധ്യതയില്ല. യോഗ ചെയ്താൽ കൊറോണയിൽ നിന്ന് പ്രതിരോധം നേടാം എന്ന് പറയുന്ന മുഖ്യമന്ത്രിമാരും മറ്റേതെങ്കിലും രാജ്യങ്ങളിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണ തടയാം എന്നു പറയുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മറ്റുരാജ്യങ്ങളിൽ ഉണ്ടാവാൻ സാധ്യത കുറവാണ്. മറ്റു രാജ്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അതൊന്നുമല്ല അനുകരിക്കേണ്ടത്. ഇതൊക്കെ വിശ്വസിക്കുന്ന ജനങ്ങൾക്ക് പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്.

ഈ സാഹചര്യത്തിലാണ് ആറ്റുകാൽ പൊങ്കാല ചർച്ച ആവേണ്ടത്. പത്രങ്ങളിൽ തള്ളുന്നത് പോലെ 40 ലക്ഷം പേർ പങ്കെടുക്കാറുണ്ട് എന്നൊന്നും ഞാൻ കരുതുന്നില്ല. എന്തായാലും കുറഞ്ഞത് ചില പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണ്.

കേരളത്തിൽ കൊറോണ സംശയിക്കപ്പെടുന്ന ഒരാൾ പോലും ഇല്ല എന്ന് 100% ഉറപ്പില്ലെങ്കിൽ പരിപാടി നടത്തരുത്. നമ്മുടെ സർവൈലൻസ് സിസ്റ്റം 100% പിഴവില്ലാത്തതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ അല്ലാതെ പരിപാടി നടത്താൻ പാടില്ല. ലോക്കൽ ട്രാൻസ്മിഷൻ എന്തെങ്കിലും സാഹചര്യവശാൽ ഉണ്ടായാൽ നമുക്ക് താങ്ങാനാവാത്ത നഷ്ടം ആയിരിക്കും ഉണ്ടാവുക. കേരള സർക്കാരിൻറെ കോൺഫിഡൻസ് ലെവൽ ആണ് വിഷയം. ഏതെങ്കിലും സാഹചര്യവശാൽ ഒരു പാളിച്ച ഉണ്ടായാൽ ഇതുവരെ കഷ്ടപ്പെട്ടതും ചെയ്തതും ഒക്കെ വൃഥാവിലാകും.

ദൈവം, ഭക്തി, വിശ്വാസം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞ് കൂട്ടം കൂടിയിട്ട് അസുഖം പടർന്നാൽ ചികിത്സിക്കാൻ ദൈവം ഉണ്ടാവില്ല എന്ന ബോധ്യം വേണം.

ആറ്റുകാൽ പൊങ്കാല മാത്രമല്ല സമാനമായ വലിയ സമ്മേളനങ്ങൾ എല്ലാം ഒരേ രീതിയിൽ തന്നെ പരിഗണിക്കേണ്ടതാണ്. അതിൽ ഏതു മതം എന്നത് പ്രസക്തമല്ല, രാഷ്ട്രീയ പാർട്ടികളുടെ വമ്പൻ സമ്മേളനങ്ങൾ ആണെങ്കിലും ഇതുതന്നെ അഭിപ്രായം.

വികാരവും വിശ്വാസവും അല്ല, വിവേകമാണ് വേണ്ടത്.

ആറ്റുകാല് പൊങ്കാല 2020 ജിനേഷ് ഡോക്ടര്‍ എഴുതിയ കൊറോണ അപ്‍ഡേറ്റ് കൂടെ ഭക്തജനങ്ങളും നല്ലവരായ നാട്ടുകാരും…

Posted by Aneesh Punaloor on Wednesday, March 4, 2020