ആശുപത്രിക്കു മുൻപിൽ പ്രസവത്തിൽ മരിച്ച കുഞ്ഞിനെ മാറോടണക്കി കരഞ്ഞ് യുവതി ; ഒടുവിൽ സുമനസ്സുകളുടെ സഹായം

single-img
5 March 2020

പെരിന്തൽമണ്ണ : മരിച്ച കുഞ്ഞിന്റെ മൃതദേഹത്തെ ആശുപത്രിക്കു മുൻപിൽകെട്ടിപ്പിടിച്ച് കരയുന്ന യുവതിയുടെ ചിത്രം ഹൃദയഭേദ​ഗമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻവശമാണ് കരളലിയിക്കുന്ന രംഗങ്ങൾക്കു വേദിയായത്. തമിഴ്‌നാട് മേൽമുത്തന്നൂർ സ്വദേശികളായ സത്യരാജ്–ഉഷ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി എന്തുചെയ്യണമെന്നറിയാതെ കെട്ടിപ്പിടിച്ചു കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി നാട്ടുകാർ ഒരുമിക്കുകയായിരുന്നു.

പ്രസവത്തിൽ കുഞ്ഞ് മരിച്ചതോടെ ഭർത്താവ് സത്യരാജ് ഉഷയെ ഉപേക്ഷിച്ചു പോയി. പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്‌സിലാണ് 5 വർഷമായി ഇവരുടെ താമസം. ഉഷയുടെ മാതാവ് കുപ്പുവും ഇവർക്കൊപ്പമാണ് താമസം. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഗർഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ രണ്ടാഴ്‌ച മുൻപ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മാസം തികയാതെ പ്രസവിച്ചു. ഹൃദയമിടിപ്പ് കുറവായിരുന്ന കുട്ടി വൈകാതെ മരിക്കുകയായിരുന്നു.

ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നിരുന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ ഇനിയെന്തെന്നുള്ള ചോദ്യം ബാക്കിയായി. പലരോടും സഹായം തേടിയെങ്കിലും എല്ലാവരും അവ​ഗണിക്കുകയായിരുന്നു. അമ്മയും മകളും കെട്ടിപ്പിടിച്ചു കരയുന്നതു ശ്രദ്ധയിൽപെട്ട ആംബുലൻസ് ഡ്രൈവറും സാന്ത്വനം വൊളന്റിയർ ക്യാപ്‌റ്റനുമായ‌ നൗഫലും സുഹൃ‌ത്ത് ഇർഷാദും വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. നഗരസഭാധ്യക്ഷൻ ഇടപെട്ടതിനെത്തുടർന്ന് നഗരസഭാ ശ്‌മശാനമായ അഞ്ജലിയിൽ സംസ്‌കാരത്തിന് സൗകര്യം ഒരുക്കി.