ഡല്‍ഹി കലാപം; ഡല്‍ഹി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
4 March 2020

ഡല്‍ഹി: ഡല്‍ഹി കലാപക്കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 13 വരെ നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേസെടുക്കാന്‍ എന്താണിത്ര താമസമെന്ന് ചോദിച്ച കോടതി മാര്‍ച്ച് ആറിന് കേസ് പരിഗണിക്കണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദറും കലാപത്തിലെ ഇരകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രിം കോടതി മൂന്നംഗ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയത്.

പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് വഴിവെച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോടതി ഒരു മാസത്തെ സമയവും കേന്ദ്രസര്‍ക്കാരിന് അനുവദിച്ചിരുന്നു. ഇതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഇതുപോലുള്ള വിഷയങ്ങളില്‍ കേസുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തുവന്നു. കാരണമുള്ളതുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി കേസ് ഒരു മാസത്തേയ്ക്ക് മാറ്റി വെച്ചതെന്നും മാര്‍ച്ച് ആറിന് കേസ് പരിഗണിക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രിംകോടതി അംഗീകരിച്ചില്ല. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിനോട് കോടതിയുടെ ചോദ്യം.