ഉന്നാവ് പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുൽദീപ് സെൻഗാറിനെതിരെ ‘മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്’ ശിക്ഷവിധിച്ച് കോടതി

single-img
4 March 2020
kuldeep sengar unnao rape case

ഡൽഹി: ഉന്നാവിൽ ബലത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് ‘മനഃപൂർവ്വമല്ലാത്ത നരഹത്യ’യ്ക്ക് ശിക്ഷവിധിച്ച് ഡൽഹി കോടതി. ഡൽഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്.

പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചുവെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം കുൽദീപ് സെൻഗാറിനും കൂട്ടർക്കും ഇല്ലായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതാണ് മനഃപൂർവ്വമല്ലാത്ത നരഹത്യ മാത്രം ചുമത്താനുള്ള കാരണം. പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർമാരെ ‘കശാപ്പുകാർ’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

കുൽദീപ് അടക്കം ആറുപേർക്കാണ് തീസ് ഹസാരി ജില്ലാ കോടതി ജസ്റ്റിസ് ധർമേഷ് ശർമ ശിക്ഷവിധിച്ചത്. നാലുപേരെ കോടതി വെറുതെവിടുകയും ചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിലാണ് കുൽദീപ് സെൻഗാർ, അദ്ദേഹത്തിന്റെ സഹോദരൻ അതുൽ സെൻഗാർ, മൂന്ന് പൊലീസുകാർ, മറ്റ് അഞ്ചുപേർ എന്നിവർക്കെതിരെ കോടതി കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തത്. ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ കുൽദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ 2019 ഡിസംബർ മാസത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2017 ജൂൺ 11-നാണ് ഉന്നാവോ സ്വദേശിനിയായ 17 വയസുകാരിയെ ശുഭം സിങ്, അവ്ധേഷ് തിവാരി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം, ബ്രജേഷ് യാദവ് എന്നയാൾക്ക് 60000 രൂപയ്ക്ക് വിറ്റത്. ഇതിനിടയിൽ പേരറിയാത്ത നിരവധിപേർ തന്നെ ബലാത്സംഗത്തിനിരക്കിയതായി പെൺകുട്ടി പിന്നീട് മജിസ്ട്രേറ്റിന് മൊഴിനൽകിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

എന്നാൽ പിന്നീട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പെൺകുട്ടി എഴുതിയ തുറന്ന കത്താണ് സംഭവത്തിലെ കുൽദീപ് സെൻഗാറിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത്. 2017 ജൂൺ 4-ന് ശുഭം സിങ് തന്നെ ജോലി വാഗ്ദാനം ചെയ്ത് കുൽദീപ് സെൻഗാറിന്റെ വസതിയിൽ കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ച് അദ്ദേഹം തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ പരാതിയിയിന്മേൽ കുൽദീപിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും അതിനാലാണ് തനിക്ക് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതേണ്ടിവന്നതെന്നും അവർ വെളിപ്പെടുത്തി.

തുടർന്നാണ് 2018 ഏപ്രിലിൽ കുൽദീപ് സെൻഗാറിന്റെ കൂട്ടാളികൾ പെൺകുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ് അവശനിലയിലായ ഇഒദ്ദേഹത്തെ പൊലീസ് കള്ളക്കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് പെൺകുട്ടിയുടെ പിതാവ് മരിക്കുന്നത്. രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഒരു കേസായിരുന്നു ഉന്നാവൊ കൂട്ടബലാത്സംഗക്കേസ്.