തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

single-img
4 March 2020

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണി മുടക്ക് പിന്‍വലിച്ചു. ബസുകള്‍ സാധാരണ ഗതിയില്‍ ഓടി തുടങ്ങി. പൊലീസും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.തിരുവനന്തപുരം സിറ്റിയിലും തമ്പാനൂരിലുമാണ് ഓട്ടം നിര്‍ത്തിയത്.

റൂട്ട് മാറി ഓടിയ സ്വകാര്യബസിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സംഭവത്തില്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (ഡി.ടി.ഒ) സാം ലോപ്പസിനെ പൊലീസ് മര്‍ദിച്ചുവെന്നാണ് ജീവനക്കാരുടെ ആരോപണം. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.

മിന്നല്‍ പണി മുടക്കില്‍ നാലു മണിക്കൂറോളം നഗരം നിശ്ചലമായി. പിന്നീട് യൂണിയന്‍ നേതാക്കള്‍ അറിയിച്ചതു പോലെ സര്‍വീസുകള്‍ പുനരാരംഭിച്ചു. സംഘടനയും ഡിസിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. അറസ്റ്റിലായ ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.