‘സ്ത്രീ ശാക്തീകരണം അറിയാൻ സ്ത്രീയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചു നോക്കുക’; പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ചതുര്‍വേദി

single-img
4 March 2020

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ലെന്ന് ചതുര്‍വേദി പറഞ്ഞു. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസിലാകണമെങ്കിൽ പ്രധാനമന്ത്രി ഏതെങ്കിലും ഇന്ത്യന്‍ സ്ത്രീയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.പ്രചോദനമാകുന്ന സ്ത്രീകൾക്കായി ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ കൈമാറുമെന്ന് നരേന്ദ്രമോദി അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം.

”മറ്റൊരാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ല. സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരസ്ഥാപനങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും അവരെ തെരഞ്ഞെടുത്താന്‍ മാത്രമേ ശരിയായ ശാക്തീകരണം നടക്കൂ. പുരുഷാധിപത്യം, ബഹുഭാര്യത്വം എന്നിവ അവസാനിപ്പിച്ച് അവരുടെ യാത്ര സുഗമമാക്കുക,”പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ”ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും”, എന്നിങ്ങനെയാണ് മോദി ട്വിറ്ററിൽ കുറിച്ചത്.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപന കാരണം തിരയുന്നതിനിടെയാണ് അടവ് മാറ്റി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ഞായറാഴ്ച്ചയോടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ് ചൂടാറുന്നതിന് മുൻപാണ് വനിതാദിനം പ്രമാണിച്ച് ഞായറാഴ്ച തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.