ദേവനന്ദയുടെ മരണം നടന്ന അതേ സ്ഥലത്ത് 10 വർഷത്തിനുള്ളിൽ മരിച്ചത് അഞ്ചുപേർ പേർ: ഭയവും ദുരൂഹതയും ചൂഴ്ന്നുനിൽക്കുന്ന ഇത്തിക്കരയാറ്റിൻ തീരം

single-img
4 March 2020

തിരുവനന്തപുരം: ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തിനിടയാക്കിയ ഇത്തിക്കരയാറ്റിൻ തീരം ഭയവും ദുരൂഹതയും നിറഞ്ഞത്. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട് എന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തന്നെ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. വിശദമായ ശാസ്ത്രീയ പരിശോധനകൾക്കായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറൻസിക് സംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

സംശയങ്ങൾ ദുരീകരിക്കത്തക്കവിധമുള്ള ശാസ്ത്രീയ പരിശോധന തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചേക്കും.

നേരത്തെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നതിൽ നടന്ന പോലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ദേവനന്ദയുടെ വിയോഗവുമായ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം ശാസ്ത്രീയമായ അന്വേഷണ വഴിയില്‍ പോലീസ് തന്നെ ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നിരുന്നതിനാല്‍ വലിയ ശക്തിയില്‍ ജലപ്രവാഹമുണ്ടായിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അപായകരമായ സ്ഥാനമാണിത്. അവിടെ വള്ളിക്കിടയില്‍ കുഞ്ഞിന്‍റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതില്‍ നിന്നുതന്നെ പോലീസിന്‍റെ അന്വേഷണ വഴികള്‍ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി പൊലീസും രംഗത്തെത്തിയിരുന്നു. കൊല്ലം നെടുമൺകാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടിൽ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.