ദേവനന്ദയുടെ മരണത്തിൽ പൊലീസിൻ്റെ ശ്രദ്ധ ആ ഒരാളിൽ പതിയാനുള്ള കാരണമിതാണ്

single-img
4 March 2020

ഇത്തിക്കരയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദ യാത്രയായത് ദുരൂഹതകൾ ബാക്കിവച്ചിട്ടാണ്. മരണം സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഇന്നും ഉത്തരം കിട്ടിയിട്ടില്ല. കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്ന സംശയമാണ് വീട്ടുകാരും നാട്ടുകാരും ഉയർത്തുന്നത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്‌, വീടുമായി അടുത്തബന്ധമുള്ള ഒരാള്‍ക്കെതിരേ അടുത്ത ബന്ധു പോലീസിനു മൊഴി നല്‍കിക്കഴിഞ്ഞെന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്.  നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തില്‍ നാലു പേർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയാതായാണ് റിപ്പോർട്ടുകൾ. 

വെള്ളത്തിൽ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമാേർട്ടം റിപ്പോർട്ടെങ്കിലും മരിയ്ക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉച്ചയോടെ ഫോറൻസിക് സർജൻമാരടങ്ങുന്ന സംഘം ഇളവൂരിലെത്തിയിരുന്നു. പുഴയിലേക്ക് കുട്ടി വീണതിൽ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും കൃത്യമായ തെളിവുകൾ ലഭിച്ചതിനു ശേഷം മാത്രം സംശയമുള്ളയാളെ കസ്റ്റഡിയിൽ എടുത്താൽ മതിയെന്നാണ് നിർദ്ദേശം. 

വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആൾക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയിൽ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ആളെ നിലനിർത്തിയത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലും അന്വേഷണ സംഘം ഇളവൂരിൽ ഉണ്ടായിരുന്നു. നിഗമനങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല.

 ബന്ധുക്കളുടെയും നാട്ടുകാരുടെയുമടക്കം നൂറുകണക്കിന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലുമുണ്ട്. ദേവനന്ദ പുഴയിൽ മുങ്ങിമരിച്ചതു തന്നെയെന്ന് അന്വേഷണ സംഘത്തെപ്പോലെ നാട്ടുകാർക്കും വ്യക്തമാണ്. എന്നാൽ ബാഹ്യ പ്രേരണയാൽ പുഴയിലേക്ക് ചാടിയതോ എടുത്തെറിഞ്ഞതോ ആകാം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വിദഗ്ധ സംഘം ഇന്ന് പ്രധാനമായും പരിശോധിക്കുന്നത് അതുതന്നെയാണ്.

പോലീസ്‌ വീടുമായി അടുപ്പമുള്ളവരുടെയെല്ലാം പട്ടിക തയാറാക്കി. മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയവരില്‍ സംശയമുള്ളവരെ വിശദമായി ചോദ്യംചെയ്‌തു. കുട്ടിയുടെ തിരോധാനത്തിനുശേഷം അവരുടെ പെരുമാറ്റം, ഫോണ്‍ കോളുകള്‍, പ്രദേശത്തെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം വിലയിരുത്തിയാണ് മുന്നോട്ടുള്ള നീക്കം. 

സാഹചര്യത്തെളിവുകളും പരിശോധിച്ചുവരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലേക്കു കടന്നുവന്നയാള്‍ ആരെന്നു കണ്ടെത്താനാണു പോലീസിന്റെ ശ്രമം. അമ്മയ്‌ക്കും മുത്തച്‌ഛനും അമ്മൂമ്മയ്‌ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്‌ക്ക്‌ 200 മീറ്ററോളം ദൂരം എങ്ങനെ പോയെന്നാണു മാതാപിതാക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന ചോദ്യത്തിൽ കാമ്പുള്ളതായും പൊലീസ് കരുതുന്നു.

കാണാതാകുന്നതിനു തൊട്ടുമുമ്പ്‌, അമ്മ തുണി അലക്കുന്നിടത്തേക്കു കുട്ടി ചെന്നിരുന്നു. എന്നാല്‍, ഉറങ്ങിക്കിടക്കുന്ന ഇളയകുഞ്ഞിനു കൂട്ടിരിക്കാന്‍ പറഞ്ഞ്‌ തിരിച്ചയച്ചു. അതിനുശേഷം ആരോ വീട്ടില്‍ വന്നെന്നാണു സംശയം. ചെരുപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി ആറ്റിന്‍കരയിലെത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വീട്ടിലെ ഹാളില്‍ മൂന്നുമാസം പ്രായമുള്ള അനുജനൊപ്പം ഇരിക്കുമ്പോഴാണു ദേവനന്ദയെ കാണാതായത്‌.