അമേരിക്ക ചരിത്രം സൃഷ്ടിച്ചതൊക്കെ ഒരുദിവസം കൊണ്ട് ആവിയായി: സമാധാന കരാറിൽ നിന്നും താലിബാന്‍ പിന്‍മാറി

single-img
3 March 2020

തങ്ങൾ ചരിത്രം സൃഷ്ടിച്ചുവെന്ന് അമേരിക്ക കൊട്ടിഘോഷിച്ച അഫ്ഗാനിസ്ഥാനിലെ വെടിനിര്‍ത്തല്‍ കരാർ പരാജയം. കരറാിൽ നിന്നും താലിബാന്‍ പിന്‍മാറി. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് താലിബാന്‍ വ്യക്തമാക്കി. എന്നാൽ വിദേശ സൈനികരെ ആക്രമിക്കില്ലെന്നും തടവുകാരെ മോചിപ്പിക്കുന്നത് വരെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. 

താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ദോഹയില്‍ വച്ചാണ് യു.എസും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടത്. യുഎസ് പ്രത്യേക സ്ഥാനപതി സല്‍മ ഖാലില്‍സാദും താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുള്‍ ഘാനി ബറാദറും തമ്മിലാണ് സമാധാനക്കരാര്‍ ഒപ്പിട്ടത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സഖ്യസേന 14 മാസത്തിനകം പിന്‍മാറുമെന്നും കരാര്‍ വ്യവസ്ഥകള്‍ താലിബാന്‍ പൂര്‍ണ്ണമായി പാലിച്ചാല്‍ മാത്രമായിരിക്കും പിന്‍മാറ്റമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. 

അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന ചരിത്ര കരാറായാണ് ഇത് വിലയിരുത്തപ്പെട്ടത്. കരാര്‍ ഒപ്പിടുന്നതിന് സാക്ഷിയാകാന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അടക്കമുള്ളവര്‍ ദോഹയില്‍ എത്തിയിരുന്നു. കരാറിന്റെ തുടര്‍ നടപടികളുടെ ഭാഗമായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ കാബുളിലെത്തി അഫ്ഗാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ താലിബാന്റെ നിലപാട് മാറ്റത്തോടെ കരാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.