പുസ്തകങ്ങളുടെ റോയ‌ല്‍റ്റിതുക ദില്ലി കലാപത്തിലെ ഇരകള്‍ക്ക് നല്‍കി മമത; രാജ്യവ്യാപക ഫണ്ട് ശേഖരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

single-img
3 March 2020

ദില്ലി: തന്റെ പുസ്തകങ്ങളില്‍നിന്നുള്ള റോയല്‍റ്റിതുക ദില്ലിയിലെ കലാപബാധിതര്‍ക്ക് നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി. കലാപത്തിനിരയായവര്‍ക്ക് വേണ്ടി രാജ്യവ്യാപകമായി നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്ക് റോയല്‍റ്റി വകയില്‍ ലഭിച്ച അഞ്ച് ലക്ഷമാണ് മമത നല്‍കിയിരിക്കുന്നത്. പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് നല്‍കിയ അഞ്ച് ലക്ഷം ഉള്‍പ്പെടെ നിലവില്‍ 10 ലക്ഷം രൂപ ഇതിലേക്ക് വകയിരുത്തിയതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാന്‍ പറഞ്ഞു.

ദില്ലിയിലെ ആക്രമണം ഒരു വംശഹത്യ ആണെന്നും വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങളുടെ കൈകളില്‍ ചോരക്കറയുണ്ട്. കീബോര്‍ഡുകളില്‍ കുത്തിയിരിക്കാതെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് വരൂ, ചോദ്യങ്ങള്‍ ഉത്തരം പറയൂ’ ദില്ലി കൂട്ടക്കൊലയില്‍ മോദി സര്‍ക്കാരിന്റെ നിശബദ്തയെ വിമര്‍ശിച്ച് ഡെറക് ഒബ്രയാന്‍ പറഞ്ഞു. ദല്‍ഹിയിലേത് വംശഹത്യയും തീരുമാനിച്ചുറപ്പിച്ച് നടത്തിയ കൊലപാതകങ്ങളുമാണ്. അത് കൊണ്ടാണ് സര്‍ക്കാരിന് കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.