ആലപ്പുഴയില്‍ തെരുവ് നായ വൃദ്ധയെ കടിച്ചുകൊന്നു

single-img
3 March 2020

ആലപ്പുഴ: തനിച്ച് താമസിക്കുന്ന വൃദ്ധയെ തെരുവ് നായ കടിച്ചുകൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യയും ആരൂർ എൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്ന രാജമ്മ (87) ആണ് മരിച്ചത്. ചപ്പുചവറുകള്‍ക്ക് തീയിടാന്‍ വൈകിട്ട് ഏഴുമണിക്ക് വീടിന് പുറത്തിറങ്ങിയപ്പോഴാണ് നായയുടെ കടിയേറ്റത്. തലയുടെ പിൻ ഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്.

തനിച്ച് താമസിക്കുന്ന ഇവരുടെ വീടിന് ഏറെ അകലെയാണ് മറ്റു വീടുകൾ ഉള്ളത്. അതിനാൽ സംഭവം മറ്റാരും അറിഞ്ഞിരുന്നില്ല. രാത്രി വീട്ടില്‍ എത്തിയ അയല്‍ക്കാരി വീട്ടില്‍ വൃദ്ധയെ കാണാഞ്ഞതിനാല്‍ സംശയം തോന്നി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുപറമ്പില്‍ രക്തം വാര്‍ന്ന് ബോധരഹിതയായ നിലയില്‍ രാജമ്മയെ കണ്ടെത്തുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.