രവി പൂജാരിക്കു കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം? കേരളത്തിലേക്ക് അയുധങ്ങള്‍ കടത്തിയെന്നും വിവരം, അന്വേഷണം പുരോഗമിക്കുന്നു

single-img
3 March 2020

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിക്കു കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളതായി സൂചന.ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം രവി പൂജാരി തന്നെ വെളിപ്പെടുതിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തു വരാനാണ് സാധ്യത.

നിലവില്‍ ബംഗുളൂരുവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രവി പൂജാരിയെ ചോദ്യം ചെയ്തിരുന്നു. കര്‍ണാടക പൊലീസുമായി ചേര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയിലെ വെടിവയ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. ഇതിനിടെയാണ് ഈ കേസുമായി ബന്ധമില്ലാത്ത ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിച്ചത്. തുടര്‍ന്ന് വിശദാംശങ്ങള്‍ തേടുകയായിരുന്നു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായില്ല.

പൂജാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം തുടങ്ങിയെന്നാണു സൂചന. ചില കൊലക്കേസുകളില്‍ വീണ്ടും അന്വേഷണം നടത്തിയേക്കും. പൂജാരി കൈമാറിയ വിവരങ്ങള്‍ സത്യമാണെന്നു തെളിഞ്ഞാല്‍ ഇപ്പോള്‍ സര്‍വീസിലുള്ള ചില ഉദ്യോഗസ്ഥര്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരും.

അതിനിടെ രവി പൂജാരി കേരളത്തിലേക്ക് ആയുധങ്ങള്‍ കടത്തിയെന്നും പൊലീസിനു വിവരം ലഭിച്ചു. മുംബൈയില്‍നിന്ന് മംഗലാപുരത്ത് എത്തിച്ച ആയുധങ്ങള്‍ വടക്കന്‍ കേരളത്തിലെ ക്രിമിനല്‍ സംഘങ്ങള്‍ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തതായാണ് ചോദ്യം ചെയ്യലില്‍ മനസിലായത്. കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ തയാറാക്കുന്നതിനിടയിലാണ് രവി പൂജാരി സെനഗലില്‍ പിടിയിലായത്.

രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. രവി പൂജാരിയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകളെങ്കിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ രവിയെ ചോദ്യം ചെയ്തു വരികയാണ്.നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കടവന്ത്രയിലുള്ള സലൂണില്‍ 2018 ഡിസംബര്‍ 15ന് വെടിവയ്പ്പുണ്ടായതോടെയാണ് രവി പൂജാരിയുടെ പേര് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. വെടിവയ്പ്പിനു പിന്നില്‍ രവി പൂജാരിയുടെ സംഘമാണെന്നാണ് പൊലീസ് നിഗമനം.