രാജ്യം കോവിഡ് ഭീതിയിൽ: കൂടുതല്‍ പേര്‍ നിരീക്ഷണത്തിൽ; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

single-img
3 March 2020

ഡൽഹി: ലോകരാജ്യങ്ങളിൽ കൊറോണ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും ഭീതി വിതച്ച് കൊറോണ വ്യാപിക്കുന്നു. ഇന്ത്യയിൽ പുതിയ മൂന്ന് കോവിഡ് – 19 കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വൈറസ് ബാധ സംശയത്തിൽ ആഗ്രയിലെ ആറു പേർ കൂടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. ആഗ്രയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവരിൽ ഉയർന്നതോതിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഉടൻതന്നെ എല്ലാവരെയും ഐസലേറ്റ് ചെയ്തു.

രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായി പരിശോധിക്കുന്നത്. അതേസസമയം ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ സിങ് ആവശ്യപ്പെട്ടു.രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

തെലങ്കാനയില്‍ വൈറസ് ബാധ കണ്ടെത്തിയ യുവാവിനൊപ്പം ബസ്സില്‍ യാത്രചെയ്തവരെ പരിശോധനയ്ക്ക് വിധേയരാക്കും. രാജസ്ഥാനില്‍ ചികില്‍സയിലുള്ള ഇറ്റാലിയന്‍ പൗരന്റെ രക്തസാംപിളുകള്‍ വീണ്ടും പരിശോധിക്കും. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആരോഗ്യമന്ത്രാലയം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പടെ നിരവധിപ്പേർ ഐസൊലേഷൻ വാർഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.