വർഷത്തിലൊരിക്കൽ വരുന്ന കുട്ടികളുടെ അച്ഛന് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയുള്ളു: വീടു ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

single-img
3 March 2020

വീടുദാന ചടങ്ങിനിടെ യുവതിയേയും ഭര്‍ത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്നെന്ന വാർത്തയുയർന്ന് വിവാദത്തിലായ കുടുംബത്തെയാണ് മന്ത്രി അവഹേളിച്ചത്. 

രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്. കുഞ്ഞിന്റെ അമ്മ ശ്രീദേവിയുടേയും ഭര്‍ത്താവിന്റേയും സ്വകാര്യജീവിതത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കുട്ടികളുടെ അച്ഛന്‍ മഹാ കുഴപ്പക്കാരനാണെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഇയാള്‍ക്ക് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമാണ് ചെയ്ളയുന്നതെന്നും കടകംപള്ളി പറഞ്ഞു. 

‘രണ്ട് പേരെ സന്തോഷകരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളാണ്  ശ്രീദേവി. ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. ആ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോ. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. അയാള്‍ അയാളുടെ വഴിക്ക് പോട്ടെ. അച്ഛന്‍ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാള്‍ മഹാകുഴപ്പക്കാരനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അയാള്‍ വരുന്നത്. തിരിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാള്‍. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്.’ മന്ത്രി പറഞ്ഞു.

മക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ കഴിയാതെ അവരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയുടെ നടപടിയാണ് അന്ന് വിവാദത്തിലായത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികളില്‍ ഒരാള്‍ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ വ്യക്തമാക്കിയിരുന്നു. ഇതലിനെതുടർന്ന് തിരുവനന്തപുരം നഗരസഭ വീട്ടമ്മയ്ക്ക് താത്കാലിക ജോലി നല്‍കുകയും ചെയ്തിരുന്നു. ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.