ഇത് ബംഗാളാണ് ഡൽഹിയല്ല, ബംഗാളില്‍ ജീവിക്കുന്ന എല്ലാ ബംഗ്ലാദേശികളും ഇന്ത്യക്കാര്‍; മമതാ ബാനര്‍ജി

single-img
3 March 2020

കൊല്‍ക്കത്ത: ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗ്ലാദേശില്‍ നിന്നെത്തി ബംഗാളില്‍ ജീവിക്കുന്നവരെല്ലാം ഇന്ത്യക്കാര്‍ തന്നെയോണെന്നും ഇത് ബംഗാളാണ് ഡൽഹിയല്ലെന്നും മമതാ കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു. ബംഗാളില്‍ ജീവിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. പ്രത്യേകമായി പൗരത്വത്തിന് അപേക്ഷിക്കേണ്ടെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. ബംഗാളിനെ മറ്റൊരു ഡൽഹിയാക്കാന്‍ അനുവദിക്കില്ലെന്നും മമത ഓർമ്മപ്പെടുത്തി.

“ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ്. അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കേണ്ട തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. നിങ്ങള്‍ പൗരന്മാരല്ലെന്ന് ചിലര്‍ പറയും. അവരെ വിശ്വസിക്കരുത്. ഇത് ബംഗാളാണെന്ന് മറക്കരുത്. ഡൽഹിയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബംഗാളിനെ മറ്റൊരു ഡൽഹിയോ ഉത്തര്‍പ്രദേശോ ആക്കി മാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.”- മമതാ ബാനര്‍ജി കാളിയാഗഞ്ച് യോഗത്തില്‍ പറഞ്ഞു.

ഡൽഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നേരത്തെയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മമതാ ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.