ദില്ലിയില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഇറാന്‍; ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ഇന്ത്യ

single-img
3 March 2020

ദില്ലി: ദില്ലി കലാപത്തില്‍ ഇറാന്റെ പ്രതികരണത്തിനെതിരെ ഇന്ത്യ. മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത ആക്രമണത്തെ അപലപിച്ച ഇറാന്‍ വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. ഇറാന്‍ വിദേശ കാര്യമന്ത്രി ജാവേദ് സരിഫിന്റെ വിമര്‍ശനം ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നുമാണ് ഇറാന്‍ സ്ഥാനപതിക്ക് ഇന്ത്യയുടെ മറുപടി.

ട്വിറ്ററിലൂടെയായിരുന്നു ജാവേദ് സരിഫ് ദില്ലി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചത്.

‘ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രോത്സാഹിക്കാതിരിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ ചര്‍ച്ചയിലും നിയമ വ്യവസ്ഥയിലുമാണ് സമാധാനത്തിന്റെ വഴി’ ഇറാന്‍ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രമുഖ വ്യാപാര പങ്കാളിയും മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യവുമായ ഇറാന്‍ ദില്ലി കലാപത്തില്‍ പ്രതികരണവുമായി എത്തിയത് അസാധാരണമായാണ് നയതന്ത്ര ലോകം കാണുന്നത്. സി‌എ‌എ, എന്‍ആര്‍സി, കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുര്‍ക്കി, മലേഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങള്‍ നേരത്തെതന്നെ ഇന്ത്യയെ അപലപിച്ച് രംഗത്തെത്തിയെങ്കിലും ഇറാന്‍ ഇതുവരെയും കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനം നടത്തിയിരുന്നില്ല. ഇറാനിലെ ഛബാഹര്‍ പോര്‍ട്ട് ഉള്‍പ്പെടെയുല്ല സംരംഭങ്ങളില്‍ ഇന്ത്യയുടെ നിക്ഷേപമുണ്ട്. പാകിസ്താനെ ഒഴിവാക്കി ഇറാന്‍ വഴിയുള്ള വ്യാപാര പാത ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനവുമാണ്. ഈ സാഹചര്യത്തില്‍ ഇറാന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യത കുറവാണ് എന്നാണ് കരുതപ്പെടുന്നത്.