സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കില്ല, ഞായറാഴ്ച എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകള്‍ക്ക് നല്‍കും; അടവുമാറ്റി മോദി

single-img
3 March 2020

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ല. പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ”ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും”, മോദി ട്വിറ്ററിൽ കുറിച്ചു.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപന കാരണം തിരയുന്നതിനിടെയാണ് അടവ് മാറ്റി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ഞായറാഴ്ച്ചയോടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ് ചൂടാറുന്നതിന് മുൻപാണ് വനിതാദിനം പ്രമാണിച്ച് ഞായറാഴ്ച തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

”നിങ്ങൾ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കിൽ പ്രചോദനമായ അത്തരം സ്ത്രീകളെ അറിയാമോ? അറിയാമെങ്കിൽ #SheInspiresUs എന്ന ഹാഷ്‍ടാഗിൽ അറിയിക്കൂ”, എന്ന് മോദി പറയുന്നു. മാതൃകയായ സ്ത്രീകളെക്കുറിച്ച്, ട്വിറ്ററിലോ ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ ഈ ഹാഷ്‍ടാഗുമായി ട്വീറ്റ് ചെയ്യണം. അവരെക്കുറിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്ത്, ഇതേ ഹാഷ് ടാഗുമായി യൂട്യൂബിലും പ്രസിദ്ധീകരിക്കാം. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുമതി ലഭിക്കും – എന്നും മോദി വ്യക്തമാക്കുന്നു.

ഇന്നലെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ വളരെയധികം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടക്കം ആരോപിക്കുന്നതിനിടെയാണ് പുതിയ നീക്കം. ചൈനയുടെ തദ്ദേശീയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ വെയ്ബോയുടെ മാതൃകയിൽ ഇന്ത്യൻ നിർമ്മിത മാധ്യമം കൊണ്ടുവരാനുള്ള പദ്ധതിയുടെ തുടക്കമാണെന്നും അഭ്യൂഹങ്ങളുയർന്നു.ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു മറ്റൊരു പ്രചാരണം. അതേസമയം, ഡൽഹിയിലെ കലാപത്തിൽ നിന്നും സിഎഎ വിരുദ്ധ സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ഈ നാടകമെന്ന് പ്രതിപക്ഷവും ആരോപണമുയർത്തി. ”സോഷ്യൽ മീഡിയയല്ല, വിദ്വേഷം ഉപേക്ഷിക്കൂ” എന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.