ഗോമൂത്രവും ചാണകവും കൊറോണ വൈറസ് ബാധ ഭേദമാക്കും: അസം ബിജെപി എംഎൽഎ നിയമസഭയിൽ

single-img
3 March 2020

ഗുവാഹത്തി: ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനെ നേരിടാൻ പ്രതിവിധിയുമായി ബിജെപി എംഎൽഎ. കൊറോണ വൈറസിനെ നേരിടാൻ ഗോമൂത്രവും ചാണകവും മതിയെന്നാണ് അസമിലെ ബിജെപി എംഎൽഎ ആയ സുമൻ ഹരിപ്രിയ അസം നിയമസഭയിൽ പറഞ്ഞത്.

ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് ചാണകവും ഗോമൂത്രവും മതിയാകുമെന്നും അവർ നിയമസഭയിലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“ഗോമൂത്രം ഇക്കാര്യത്തിൽ ഉപയോഗപ്രദമായ ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ഗോമൂത്രം തളിച്ചാൽ അത് ആ സ്ഥലത്തെ ശുദ്ധീകരിക്കും. അതുകൊണ്ട് തന്നെ ഗോമൂത്രവും ചാണകവും ഉപയോഗിച്ചാൽ കൊറോണ വൈറസ് ബാധയെ നമുക്ക് ചികിത്സിക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.”

സുമൻ ഹരിപ്രിയ പറഞ്ഞു.

ബംഗ്ലാദേശിലേയ്ക്കുള്ള കന്നുകാലി കള്ളക്കടത്തിനെക്കുറിച്ചുള്ള ഒരു ചർച്ചയിലാണ് സുമൻ ഹരിപ്രിയ ഈ വിഡ്ഢിത്തം അവതരിപ്പിച്ചത്. നിയമസഭയിലെ ബഡ്ജറ്റ് അവതരണത്തിനിടയിൽ ആയിരുന്നു ഈ ചർച്ച.

ഇന്ത്യയിൽ നിന്നുള്ള കാലിക്കടത്ത് ബംഗ്ലാദേശിലെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും സുമൻ ഹരിപ്രിയ ആരോപിച്ചു. ലോകത്ത് മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്. ഇതെല്ലാം നമ്മുടെ രാജ്യത്തുനിന്നുള്ള (പ്രധാനമായും അസമിൽ നിന്നും) പശുക്കളാണ്. മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ പശുക്കടത്ത് തടയാൻ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും സുമൻ ഹരിപ്രിയ ആരോപിച്ചു.

നദിയിലൂടെയാണ് കാലിക്കടത്ത് കൂടുതലായും നടക്കുന്നതെന്നും അവർ ആരോപിച്ചു. അസമിലെ കന്നുകാലിച്ചന്തകളിൽ കൃത്യമായ പരിശോധനകൾ നടത്തണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജരസീതുകൾ ഉപയോഗിച്ച് കന്നുകാലി കച്ചവടക്കാർ കള്ളക്കടത്തിന് കൂട്ടുനിൽക്കുകയാണെന്നും സുമൻ ഹരിപ്രിയ ആരോപിച്ചു.

കൊറോണ ബാധയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 25,378പേരാണ് ഇതുവരെ നിരീക്ഷനത്തിലുള്ളത്. അതിൽ 37 പേർക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ചൈനയിൽ കൊറോണ ബാധയെത്തുടർന്ന് ഇതുവരെ 2,912 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.