ആദ്യം ആഘോഷം പിന്നെ ചർച്ച; ‘ഹോളി ആഘോഷിച്ചശേഷം ഡൽഹി കലാപത്തിൽ ചർച്ചയാകാമെന്ന്’ സ്പീക്കർ

single-img
3 March 2020

ഡൽഹി: ഹോളി ആഘോഷിച്ചശേഷം മാത്രം ഡൽഹി കലാപത്തിൽ ചർച്ചയാകാമെന്ന്’ പാർലമെന്റിൽ സ്പീക്കർ. ഡൽഹി കലാപത്തെക്കുറിച്ച് ഹോളിക്കു ശേഷം (മാർച്ച് 10) ചർച്ച ചെയ്യാമെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ പ്രതികരണം. ഡൽഹി കലാപത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പോർവിളി നടത്തുന്നതിനു പിന്നാലെയായിരുന്നു സ്പീക്കറുടെ പ്രഖ്യാപനം. എന്നാൽ 48 പേർ മരണപ്പെട്ട കലാപം ഉടന്‍ ചർച്ച ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം .

Support Evartha to Save Independent journalism

പ്രതിപക്ഷ ബഹളം കാരണം പാർലമെന്റിന്റെ ഇരുസഭകളും പലതവണ നിർത്തിവച്ചിരുന്നു. ലോക്സഭയിൽ ബിജെപി, കോൺഗ്രസ് എംപിമാ‍ർ തമ്മിൽ ഉന്തും തള്ളും നടന്നു. ബഹളം രൂക്ഷമായതിനെത്തുടർന്ന് ലോക്സഭ 3 തവണയും രാജ്യസഭ ഒരു തവണയുമാണ് തിങ്കളാഴ്ച നിർത്തിവച്ചത്. ചൊവ്വാഴ്ചയും പലതവണ തടസ്സപ്പെട്ടു. ബഹളത്തിനിടെ ബിജെപിയുടെ വനിതാ എംപി കയ്യേറ്റം ചെയ്തതായി രമ്യ ഹരിദാസ് സ്പീക്കർക്കു പരാതി നൽകി. കോൺഗ്രസ് എംപിമാർ ബിജെപി എംപിമാരെ കയ്യേറ്റം ചെയ്തതായി അവരും പരാതി നൽകി.

സഭനിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, മുസ്‍ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഎമ്മിന്റെ എ.എം.ആരിഫ് എന്നിവർ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. സ്പീക്കർ ഒന്നും അനുവദിച്ചില്ല. രാജ്യസഭയിലും പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കി. ഡൽഹി വിഷയത്തിൽ സഭയിൽ ആഞ്ഞടിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.