ശ്രീലങ്കൻ താരങ്ങൾക്ക് കെെകൊടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ; മുൻകരുതലെന്ന് വിശദീകരണം

single-img
3 March 2020

ഇം​ഗ്ലണ്ട്: ശ്രീലങ്കൻ ക്രിക്കറ്റ് പര്യടനത്തിൽ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് അറിയിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്കയിൽ ഇംഗ്ലണ്ട് കളിക്കുന്നത്. ഈ മത്സര സമയങ്ങളിൽ ലങ്കൻ താരങ്ങളുമായി ഹസ്തദാനം നടത്തുന്നത് ഇംഗ്ലണ്ട് ഒഴിവാക്കുമെന്നാണ് ജോ റൂട്ട് അറിയിച്ചിരിക്കുന്നത്. കായിക ലോകത്തും കൊറോണ വൈറസ് ഭീതിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് മുൻകരുതലെന്ന നിലയിൽ താരങ്ങളെ ഇത്തരത്തിലൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.

ഇറ്റലിയിൽ ഫുട്ബോൾ ടീം അംഗങ്ങൾക്കു കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയോണ് രോഗം പടരാതിരിക്കാൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെയുള്ളവർ‌ മുൻകരുതലുകളുമായി രം​ഗത്തെത്തുന്നത്.അടുത്തിടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പകർച്ചപ്പനിയും ഉദരസംബന്ധമായ പ്രശ്നങ്ങളും ഇംഗ്ലണ്ട് താരങ്ങളെ വലച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണു തീരുമാനമെന്ന് ജോ റൂട്ട് പറഞ്ഞു. മെഡിക്കൽ ടീമിൽനിന്നുള്ള ഉപദേശങ്ങൾ പരിഗണിച്ചാണു പുതിയ നീക്കം. ബാക്ടീരിയകൾ പടരുന്നത് ഇതിലൂടെ തടയാൻ സാധിക്കും. കളിക്കളത്തിലും അല്ലാതെയും ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യില്ല. പകരം ഫിസ്റ്റ് ബംബ് ചെയ്യാം.

നിലവിലെ സാഹചര്യം പരിഗണിച്ച് അധികൃതരുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ശ്രീലങ്കൻ പര്യടനത്തെ കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ലങ്കൻ പര്യടനം തീരുമാനിച്ചപോലെ തന്നെ നടത്താൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു.സ്ഥിരമായി കൈകൾ‌ കഴുകും. .

ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീം ശ്രീലങ്ക ബോർഡ് പ്രസിഡന്റ്സ് ഇലവനുമായി രണ്ടു സന്നാഹ മത്സരങ്ങളും കളിക്കുന്നുണ്ട്. ശനിയാഴ്ച കതുനായകെയിലാണു മത്സരം. രണ്ട് വർഷം മുൻപ് ശ്രീലങ്കയിൽ 3–0ന് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വേറെയാണെന്നും കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജോ റൂട്ട് പറഞ്ഞു. ശ്രീലങ്കൻ മണ്ണിൽ അവരുടെ താരങ്ങൾ കളിക്കുമ്പോള്‍ കരുത്ത് എത്രത്തോളമുണ്ടെന്ന് നന്നായി അറിയാമെന്നും ജോ റൂട്ട് വ്യക്തമാക്കി.