കൈതക്കാടുകളും കൂർത്ത കല്ലുകളുമുള്ള പുഴയിൽ ദേവനന്ദ തനിയെ വീണാൽ മുറിവുകൾ ഉണ്ടാകില്ലേ?: പിന്നെന്തുകൊണ്ട് മൃതദേഹത്തിൽ മുറിവുകളില്ല?: തിരയുന്നത് ഈ ചോദ്യത്തിനുത്തരം

single-img
3 March 2020

ഇത്തിക്കരയാറിൽ വീണുമരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ അന്തിമ പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിനു  ശേഷവും ദുരൂഹതകൾ തുടരുകയാണ്. കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമാണ് ഇപ്പോഴും സജീവമായി നിൽക്കുന്നത്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു.

കുട്ടി വെള്ളത്തിൽ വീണു മരണപ്പെട്ടു എന്ന വാദത്തെ ചോദ്യം ചെയ്യുന്ന  നിരവധി സംശയങ്ങളും ഈ അവസരത്തിൽ ഉയരുന്നുണ്ട്. പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത് മൃതദേഹത്തിൽ യാതൊരുവിധ ക്ഷതങ്ങളും കണ്ടെത്തിയിട്ടില്ല എന്നാണ്. എന്നാൽ അതേ സമയം മറ്റൊരു കാര്യം കൂടി പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആറ്റിലേക്ക് പിടിച്ച് തള്ളിയാലും എടുത്തെറിഞ്ഞാലും ബലപ്രയോഗത്തിൻ്റെ പാടുകൾ ഉണ്ടാകണമെന്നില്ല എന്നുള്ളതാണ് അത്. 

നിറയെ കൈതക്കാടുകളും കൂർത്ത കല്ലുകളും ആറ്റിൻ്റെ കരകളിലും അടിത്തട്ടിലുമായുണ്ടെന്നുള്ള വസ്തുതയും വീടിനടുത്തെ പടവിലിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ചതാണെങ്കിൽ പാറയിലും കൈതക്കാടുകളിലും ഉരസിയ പാടുകൾ ശരീരത്തിൽ ഉണ്ടാകണമെന്നുള്ളതും മറ്റൊരു വസ്തുതയാണെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ഇതൊന്നും ദേവനന്ദയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് ഇപ്പോഴുള്ള സംശയത്തിന് ആക്കംകൂട്ടുകയാണ് ചെയ്യുന്നത്. 

ഇതിനിടെ ഇളവൂർ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധു പൊലീസിനെ അറിയിച്ചിരിക്കുന്നത്. പഠിക്കുന്ന സ്കൂളിലെ ക്ലാസ് മുറിയിൽ അടുത്ത ബെഞ്ചിലേക്ക് മാറി ഇരിക്കണമെങ്കിലും അദ്ധ്യാപകരോട് ചോദിക്കുന്ന കുട്ടിയാണ് ദേവനന്ദ. അമ്മയോട് ചോദിക്കാതെ അയൽ വീടുകളിലേക്ക് പോലും പോകാറില്ല. ഒറ്റയ്ക്ക് ആറ്റിലേക്ക് പോയെന്ന് അവളെ അറിയാവുന്നവർക്ക് വിശ്വസിക്കാനാകുന്നില്ല എന്നുതന്നെയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും മനസ്സിലുള്ളതും. 

സ്ഥിരമായി ചെരുപ്പ് ഉപയോഗിച്ചു മാത്രം പുറത്തിറങ്ങുന്ന കുട്ടി ചെരിപ്പില്ലാതെ 100 മീറ്ററോളം ദൂരം നടന്ന് ആറ്റിൻകരയിൽ എത്തിയതെങ്ങനെയെന്നതിൽ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടിൽ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. തിരോധാനത്തിന് തൊട്ട് മുൻപ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടിൽ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയങ്ങൾക്ക് ബലം വയ്ക്കുകയാണ്.

കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാൽ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകൾക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. ഇക്കാര്യവും വലിയ സംശയമാണ് പൊലീസ് വൃത്തങ്ങളിൽ ഉയർത്തുന്നത്.

https://business.facebook.com/evarthaTV/videos/640230806806096/