ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു, പക്ഷേ മൃതദേഹം കിട്ടിയത് പിറ്റേന്ന്: അന്തിമ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

single-img
3 March 2020

കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ പുഴയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്നാണെങ്കിലും കുട്ടിയെ അപായപ്പെടുത്തിയതാണെന്ന ആശങ്കയിൽ ഉറച്ചു നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻമാരുടെ മൂന്നംഗ സംഘം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഡോക്ടർമാർക്കൊപ്പം ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് ഇളവൂരിലെത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം നെടുമൺകാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടിൽ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:

മൃതദേഹം കണ്ടെത്തിയതിന് 18-20 മണിക്കൂർ മുമ്പ് മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാണാതായി ഒരു മണിക്കൂറിനകം മരണം സംഭവിച്ചുവെന്നർത്ഥം. കാണാതായത് ഫെബ്രുവരി 27ന് രാവിലെ 10.15ന്. കണ്ടെത്തിയത് പിറ്റേന്ന് രാവിലെ 7.05ന്.

കുട്ടിയുടെ മൃതദേഹത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങൾ ഇല്ല. ശരീരത്തിൽ മുറിവോ ചതവോ ഇല്ല.3. ശ്വാസകോശത്തിൽ ചെളിയും ആറ്റിലെ ജലവും ഉണ്ട്. അതിനാൽ സ്വാഭാവിക മുങ്ങിമരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.