ഗൾഫിനെ പിടിച്ചുകുലുക്കി കൊറോണ: പ്രവാസി മലയാളികളുടെ തിരിച്ചുവരവ് പ്രതിസന്ധിയിൽ

single-img
3 March 2020

എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ്19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികൾ ആശങ്കയിലാണ്.  ഏറ്റവുമൊടുവിൽ സൗദി അറേബ്യയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്. വൈറസ് പടരുന്നതിനാൽ മലയാളികളടക്കം പേടിച്ച് കഴിയുന്ന അവസ്ഥയാണ്. പലരും നാട്ടിൽ തിരിച്ചുപോയാലോ എന്ന് ചിന്തിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടനെ മടങ്ങാനാവാത്ത സ്ഥിതിയാണെന്നുള്ളതും ഇവരെ വലയ്ക്കുന്നുണ്ട്. 

ഇറാനിൽ നിന്നും ബഹ്‌റൈൻ വഴിയെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടത്. സൗദിയിൽ മടങ്ങിയെത്തിയിട്ടും ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയേറ്റയാളെ മാറ്റിപ്പാർപ്പിച്ചതായും മതിയായ ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ തന്നെ യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ്19 കണ്ടെത്തിയിരുന്നു. എല്ലാ അറബ് രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സൗദിയിലും വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

സംശത്തിൻ്റെ പേരിൽ 290 കേസുകൾ പരിഗണിച്ചതിൽ ഒരാൾക്കുപോലും വൈറസ് ബാധയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി അറിയിച്ചത്. എന്നാൽ ആ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽ വെെറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് 17 വിവിധ അതോറിട്ടികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ് സൗദി. 

ഇതിനിടെ ചൈനയിൽ രോഗബാധയെത്തുടർന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതുതായി 31 പേർ കൂടി മരിക്കുകയും 125 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ 4,335 പേർക്ക് വൈറസ് സ്ഥിരീകരിച്ചപ്പോൾ 26 പേർ മരിച്ചു. ഇറാനിൽ 66 പേരും ഇറ്റലിയിൽ 52 പേരും മരിച്ചു. ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിലായി 90,294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം മരണം 3,000 കവിഞ്ഞു.അമേരിക്കയിൽ 6 പേർ മരിച്ചു. 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച നാലുപേർകൂടി മരിച്ചതോടെയാണ് അമേരിക്കയിൽ കോവിഡ് 19 മരണസംഖ്യ ആറായി ഉയർന്നത്. ആറ് മരണവും വാഷിംഗ്ടണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.