കൊറോണ സ്ഥിരീകരിച്ചതോടെ പൊട്ടിച്ചിരിച്ച് ആശംസയറിയിച്ച് നടി ; വിവാദമായതോ‍ടെ മാപ്പ്

single-img
3 March 2020

ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുകയാണ്. എന്നാൽ ഇന്ത്യയിൽ കൊറോണ ബാധ സ്ഥിതീകരിച്ചതോടെ അതിൽ പരിഹാസവുമായി രം​ഗത്തെത്തി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരിക്കുകയാണ് നടി ചാര്‍മി കൗര്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ വാർത്ത ടിക്‌ടോക്ക് വിഡിയോ ആയി ചാർമി പോസ്റ്റ് ചെയ്യുകയായിരുന്നു.

തമാശ രൂപേണ പൊട്ടിച്ചിരിച്ച് ആശംസയറിയിച്ചായിരുന്നു ചാര്‍മി വിഡിയോയില്‍ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടുള്ള താരത്തിന്റെ പ്രതികരണം അസഹനീയമായിരുന്നു.

താരത്തിന്റെ ടിക്ടോക്ക് വിഡിയോ വെെറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് തമാശയായി അവതരിപ്പിക്കുകയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും താരം പറഞ്ഞു.

മലയാളത്തിൽ ആ​ഗതൻ, താപ്പാന തുടങ്ങിയ സിനിമകളിൽ നായികാവേഷം കെെകാര്യം ചെയ്തിട്ടുള്ള നടിയാണ് ചാര്‍മി.