കാത്തിരുന്ന ചെന്നൈയുടെ ‘സൂപ്പർ കിങ്’ എത്തി, ‘തല ‘ധോണിക്ക് വൻ വരവേൽപ്

single-img
2 March 2020

ചെന്നൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിന് ദിവസങ്ങളെണ്ണി കഴിയുകയാണ് ക്രിക്കറ്റ് ആരാധകര്‍. അതിൽ തല ധോണിയുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ‘സൂപ്പർ കിങ്’ ധോണി ചെന്നൈയിലെത്തി. ഗംഭീര വരവേല്‍പ്പാണ് ക്യാപ്റ്റന്‍ ചെന്നൈയില്‍ ലഭിച്ചത്. ചെന്നൈയിലെത്തിയ ധോണിയുടെ വിഡിയോ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ഐപിഎൽ മത്സരങ്ങൾ ഈ മാസം തുടങ്ങുന്നതിനാൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാകുന്നതിനായാണ് ചെന്നൈ ക്യാപ്റ്റന്‍ കൂടിയായ ധോണി നഗരത്തിലെത്തിയത്. മാർച്ച് മൂന്നിനും നാലിനും ധോണി ചെന്നൈയിൽ പരിശീലിക്കുമെന്നു ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ പ്രതികരിച്ചു. മാർച്ച് 19ന് ശേഷമായിരിക്കും ചെന്നൈയുടെ പരിശീലന ക്യാംപ് ഔദ്യോഗികമായി ആരംഭിക്കുക. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുത്ത ധോണി ഐപിഎല്ലിൽ തിരിച്ചുവരവ് ഗംഭീരമാക്കാനാണ് ഒരുങ്ങുന്നത്. എട്ട് മാസങ്ങൾക്കു ശേഷമാണ് ധോണി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നത്. മാർച്ച് 29ന് തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം.

സുരേഷ് റെയ്ന, അംബാട്ടി റായുഡു എന്നിവർക്കൊപ്പം ധോണി ചെന്നൈയിൽ പരിശീലിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു ശേഷം ഐപിഎൽ തുടങ്ങുന്നതിനു മുൻപ് നാട്ടിലേക്കു വീണ്ടും പോയി തിരിച്ചവരും. റെയ്നയും റായുഡുവും മൂന്നാഴ്ചയായി ചെന്നൈയിൽ പരിശീലനത്തിലുണ്ട്.