ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

single-img
2 March 2020

ഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. കേസില്‍ വാദംകേട്ടുകൊണ്ടിരിക്കുന്ന അഞ്ചംഗ ബെഞ്ച് തന്നെ കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ആര്‍. സുഭാഷ് റെഡ്ഢി, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികളില്‍ വാദം കേട്ടിരുന്നത്.ഇതേ ബെഞ്ചു തന്നെ തുടര്‍ന്നും ഹര്‍ജികള്‍ പരിഗണിക്കും.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയിരിക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ നീക്കുകയും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തത്. കേന്ദ്ര തീരുമാനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴും പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും 69 പേരാണ് കൊല്ലപ്പെട്ടത്.