വധശിക്ഷയ്ക്ക് ഇനി ഒരുനാൾ മാത്രം: നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

single-img
2 March 2020

നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കുവാൻ ഒരു ദിവസം മാത്രം ശേഷിക്കേ പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തിരുത്തൽ ഹർജി തള്ളിയാൽ ഇന്നുതന്നെ പവൻ ​ഗുപ്ത ദയാഹർജി നൽകാനും സാധ്യതയുണ്ട്. ദയാഹർജി പരി​ഗണിക്കുന്ന ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. 

ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ചേംബറിൽ ഹർജി പരി​ഗണിക്കുക. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.

കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്. എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. 

സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ദയാഹർജിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.