സ്വഭാവദൂഷ്യമെന്ന് വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞതിനെ തുടർന്ന് രണ്ടുകുട്ടികളുടെ മാതാവ് ആത്മഹത്യ ചെയ്തു: വെളിച്ചപ്പാടിനെതിരെ പരാതി

single-img
2 March 2020

മണലൂരിൽ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാടിനെതിരെ പരാതി.വെളിച്ചപ്പാട് കൽപന പുറപ്പെടുവിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.  

കഴിഞ്ഞ ബുധനാഴ്ചയാണ് മണലൂരിൽ വീട്ടമ്മ മാനഹാനി മൂലം  ജീവനൊടുക്കിയത്. ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വെളിച്ചപ്പാട് കൽപന പുറപ്പെടുവിച്ചെന്നും ഇതു മാനഹാനി ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. യുവതി ദേവിക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു വെളിച്ചപ്പാട് പറഞ്ഞത്. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു `വെളിച്ചപ്പാടിൻ്റെ തുള്ളി വെളിപ്പെടുത്തൽ´.  

യുവതിയെ പരിചയമുള്ള ഇതേ നാട്ടുകാരൻ കൂടിയായ യുവാവാണു വെളിച്ചപ്പാട് തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു വെളിച്ചപ്പട് ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും പരാിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

യുവതിയുടെ ആത്മഹത്യയിൽ പരാതി ഉയർന്നതിനെ തുടർന്ന് നാട്ടുകാരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.  ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിക്കുകയും വെളിച്ചപ്പാട് തുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിട്ടുണ്ട്.