‘പൊക്കിൾക്കൊടിയുടെ യഥാർഥ ശക്തി’ : മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് കുഞ്ഞിന് ജന്മം നൽകുന്ന സ്ലോത്തിന്റെ വീഡിയോ വെെറൽ

single-img
2 March 2020

പൊക്കിൾക്കൊടിയുടെ യഥാർഥ ശക്തി മനസ്സിലാക്കാം ഈ അടിക്കുറിപ്പോടെയാണ് സുധാ രമൺ അപൂർവമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഎഫ്എസ് ഓഫിസറായ സുധാ രമൺ പങ്ക് വച്ച വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ വെെറലായി. മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ആ വീഡിയോ നൽകുന്ന സന്ദേശം അത്രത്തോളയിരുന്നു. മരത്തിൽ തൂങ്ങിക്കിടന്ന് കുഞ്ഞിനു ജന്മം നൽകുന്ന സ്ലോത്താണ് കഥയിലെ താരം.

ഭൂമിയിലെ ജീവികളുടെ ഗണത്തിൽ വളരെ പതിയെ സഞ്ചരിക്കുന്ന ജീവികളിലൊന്നാണ് സ്ലോത്തുകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മരത്തിനു മുകളിൽ കഴിയാനിഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. മറ്റു ജീവികളെ പോലെ മരത്തിൽ നിന്നും ചാടാനോ ഇറങ്ങി ഓടാനോ ഒന്നും സ്ലോത്തുകൾക്കു കഴിവില്ല. ഇലകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലും മധ്യ അമേരിക്കയിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

ഇങ്ങനെയൊരു സ്ലോത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരത്തിൽ തൂങ്ങിക്കിടന്ന് കുഞ്ഞിനു ജന്മം നൽകിയാണ് സ്ലോത്ത് ശ്രദ്ധാകേന്ദ്രമായത്. മരത്തിൽ തൂങ്ങിക്കിടന്ന സ്ലോത്തിന്റെ കുഞ്ഞ് പൊക്കിൾക്കൊടിയിൽ തൂങ്ങിയാടുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ പൊക്കിൾക്കൊടിയിൽ തൂങ്ങിയാടിയ കുഞ്ഞിനെ അപ്പോൾ തന്നെ അമ്മയെടുത്ത് നെഞ്ചോടു ചേർത്തു. 11 മാസമാണ് സ്ലോത്തുകളുടെ ഗർഭകാലം. 3–4 വയസ്സുവരെ അമ്മയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചാണ് ഇവ വളരുന്നത്.

സ്ലോത്തുകൾ മരത്തിലിരുന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് അപൂർവമാണെന്ന് ഐഎഫ്എസ് ഓഫിസറായ സുധാ രമൺ സുധാ രമൺ വ്യക്തമാക്കി. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.