ലഹരി ഉപയോഗിക്കുന്നവര്‍ക്കും, അത്തരക്കാരുടെ മക്കള്‍ക്കും പ്രവേശനം നിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല

single-img
2 March 2020

കോഴിക്കോട്: വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗത്തിനെതിരെ കർശന നടപടികൾക്കൊരുങ്ങി കാലിക്കറ്റ് വാഴ്സിറ്റി. ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ പ്രവേശനസമയത്ത് സത്യവാങ്മൂലം നൽകണമെന്നാണ് പുതിയ ഉത്തരവ്. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ മുന്നറിയിപ്പില്ലാതെ നടപടി നേരിടേണ്ടി വരുമെന്നും കാലിക്കറ്റ് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത അധ്യയനവർഷം മുതൽ സർവകലാശാലാ ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വ്യവസ്ഥ ബാധകമാണ്. സർവകലാശാലയുടെ ലഹരിവിരുദ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടി. ‘ലഹരിവസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു’ എന്നാണ് സത്യവാങ്മൂലം നൽകേണ്ടത്. രക്ഷിതാക്കളും ഇതേ സത്യവാങ്മൂലം എഴുതി നൽകണം.