കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാം; സംശയം അടുത്ത ബന്ധമുള്ള ഒരാളിലേക്ക്: നിരീക്ഷണവുമായി പൊലീസും

single-img
2 March 2020

ഇത്തിക്കരയാറിൽ വീണുമരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ പൊലീസിനു മുന്നിലും മറനീക്കുന്നില്ല. ദുരൂഹതകൾക്ക് ആക്കം കൂട്ടി കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം ബലപ്പെടുന്നു. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. 

Doante to evartha to support Independent journalism

സ്ഥിരമായി ചെരുപ്പ് ഉപയോഗിച്ചു മാത്രം പുറത്തിറങ്ങുന്ന കുട്ടി ചെരിപ്പില്ലാതെ 100 മീറ്ററോളം ദൂരം നടന്ന് ആറ്റിൻകരയിൽ എത്തിയതെങ്ങനെയെന്നതിൽ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടിൽ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. തിരോധാനത്തിന് തൊട്ട് മുൻപ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടിൽ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയങ്ങൾക്ക് ബലം വയ്ക്കുകയാണ്.

നിരപരാധികൾക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കർശന നിർദ്ദേശമുള്ളതിനാൽ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാൽ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകൾക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. ഇക്കാര്യവും വലിയ സംശയമാണ് പൊലീസ് വൃത്തങ്ങളിൽ ഉയർത്തുന്നത്. 

ദേവനന്ദയെ കാണാതായിട്ടും കുട്ടിയുടെ ചെരിപ്പ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കർ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുർഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്

വീട്ടിലെ ഹാളിൽ മൂന്ന് മാസം പ്രായമുള്ള അനുജൻ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതൽ വലിയ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിൽ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 

കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോൺ കാളുകൾ, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്. ഇതിനിടെ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകൾ ഇയാൾക്ക് പിന്നിലുണ്ടെന്നാണ് സൂചനകൾ. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാൽ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.