കേരളത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു: ഡൽഹിയിലും തെലങ്കാനയിലും രോ​ഗബാധിതർ

single-img
2 March 2020

ഡൽഹി: രാജ്യത്ത് 2 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാൾ ഡൽഹിയിലും മറ്റൊരാൾ തെലങ്കാനയിലും. ഡൽഹി കോവിഡ് സ്ഥിരീകരിച്ചയാൾ ഇറ്റലിയിലും തെലങ്കാനയിലേത് ദുബായിലും യാത്രാ പശ്ചാത്തലമുള്ളവരാണ്. ഇരുവരുടെയും ആരോഗ്യസ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ കേരളത്തിൽ‌ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കേരളത്തിൽ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പടെ നിരവധിപ്പേർ ഐസൊലേഷൻ വാർഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‍ലൻഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളിൽ കൊവിഡ് 19 ബാധിച്ചുള്ള ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പട്ടിരുന്നു. ഈ സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് കെ കെ ശൈലജ വ്യക്തമാക്കുന്നത്.