‘വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് ഭരണകാലത്ത് ‘ ; സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

single-img
2 March 2020

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൈരവത്തോടെയാണ് പരിഗണിക്കുന്നത്. തോക്കുകള്‍ കാണാതായ് എന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്.സിഎജി കണ്ടെത്തല്‍ ഗൗരവമെന്ന് പരിഗണിച്ചാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെത്തുന്നതിനു മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും പിണറായി പറഞ്ഞു.സിഎജി റിപ്പോര്‍ട്ട് വിവാദമായതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്. വിഷയത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

ഇക്കാര്യത്തില്‍ 2015 ല്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നെന്നും ആ ബോര്‍ഡിന്റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രശ്‌നം ഗൗരവമുള്ളതായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാജ വെടിയുണ്ടകളുടെ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മന്ത്രിയുടെ ഗണ്‍മാനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

2015 ല്‍ കേസ് മൂന്നു പേരടങ്ങുന്ന ബോര്‍ഡ് അന്വേഷിച്ചിരുന്നു. അന്ന് സീല്‍ ചെയ്ത പെട്ടികള്‍ തുറക്കാതെ തിരകളുടെ എണ്ണത്തില്‍ കുറവില്ല എന്നു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.അന്ന അതു മൂടി വയ്ക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.അന്വേഷണം സിബിഐയെ ഏര്‍പ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് നമുക്ക് നമ്മുടേതായ സംവിധാനങ്ങള്‍ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.