വീണ്ടും പേരു മാറ്റവുമായി ബിജെപി; ജമ്മുവിലെ സിറ്റി ചൗക്ക് ഇനിമുതല്‍ ഭാരത് മാതാ ചൗക്ക്

single-img
2 March 2020

ശ്രീനഗര്‍: ചരിത്ര നഗരങ്ങളുടെ പേരുമാറ്റം ബിജെപി സര്‍ക്കാരിന്റെ പതിവാണ്. അലഹബാദിനും ആഗ്രയ്ക്കും ശേഷം ജമ്മു കശ്മീരിലാണ് പുതിയ പേരുമാറ്റം. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായിരുന്ന സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നാണ് അറിയപ്പെടുക. ബിജെപി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് സിറ്റി ചൗക്കിന്റെ പേരു മാറ്റിയത്.

സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നാക്കണമെന്ന് നാലു മാസം മുന്‍പ് നിര്‍ദേശിച്ചതായും അത് ജനങ്ങളുടെ പ്രധാന ആവശ്യവുമാണെന്ന് ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ പൂര്‍ണിമ ശര്‍മ്മ പറഞ്ഞു. ചരിത്രപരമായി വളരെ പ്രശസ്തമായ സ്ഥലമാണ് സിറ്റി ചൗക്ക്. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ജനങ്ങള്‍ ഇവിടെ ഒത്തു കൂടുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. സിറ്റി ചൗക്കിന് ഭാരത് മാതാ ചൗക്ക് എന്ന പേരു നല്‍കണമെന്നത് ജനങ്ങളുടെ ആവശ്യമായിരുന്നു വെന്നും പൂര്‍ണിമ പറഞ്ഞു.

നഗരത്തിലെ മറ്റൊരു പ്രധാന സ്ഥലത്തിന് അടല്‍ ബിഹാരി വാജ്‌പേയിയുടെ ഓര്‍മ്മയ്ക്കായി അടല്‍ ചൗക്ക് എന്ന് പേരു മാറ്റിയിരുന്നു. പേരുമാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങള്‍ നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈന്നല്‍ നല്‍കേണ്ടതെന്ന് അവര്‍പറയുന്നു. അതേ സമയം ഒറ്റ രാത്രി കൊണ്ട് പേരു മാറ്റി പുതിയ ബോര്‍ഡ് വച്ചത് ശരിയായ നടപടിയല്ലെന്ന് കനക്മന്ദി മാര്‍ക്കറ്റ് അസോസിയേഷന്‍ ജോയിന്‍സെക്രട്ടറി വി ഗുപ്ത പറഞ്ഞു.