രാജ്യത്ത് സമാധാനം നില നിര്‍ത്താന്‍ എന്തു പങ്കു വഹിക്കാനും തയ്യാറാണെന്ന് രജനീകാന്ത്

single-img
2 March 2020

ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്തു പങ്കു വഹിക്കാനും താന്‍ തയ്യാറാണെന്ന് നടന്‍ രജനീകാന്ത്.ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.മുസ്ലീം സംഘടനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ട്വീറ്റ് ചെയ്തത്.

മുസ്ലീം സംഘടനയായ ‘തമിഴ്‌നാട് ജമാഅത്തുല്‍ ഉമാ സബായി’ അംഗങ്ങള്‍ രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടിരുന്നു. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് എന്ത് പങ്കു വഹിക്കാനും ഞാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലിം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,” കൂടിക്കാഴ്ചക്കു ശേഷം രജനി ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ രജനികാന്ത് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കലാപത്തെ ”ഇരുമ്പ് മുഷ്ടി” ഉപയോഗിച്ച് കൈകാര്യം ചെയ്യണമായിരുന്നു. അധികാരത്തിലിരിക്കുന്നവരോട് അക്രമം തടയാന്‍ കഴിയുന്നില്ലെങ്കില്‍ ”രാജിവച്ച് പോകാന്‍” അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ 46 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

”സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. അക്രമങ്ങള്‍ നടത്തുന്നവരെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി പരാജയമാണ്.” രജനികാന്ത് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും രജനി പറഞ്ഞിരുന്നു.