സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ അവസാന അപ്പീലും വത്തിക്കാൻ തള്ളി

single-img
1 March 2020

എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാനിലെ അപ്പീൽ സമിതി തള്ളി. സന്യാസിനി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു.

ഇനി അപ്പീല്‍ നല്‍കാന്‍ സിസ്റ്റര്‍ ലൂസിക്ക് അവസരമില്ല. തന്‍റെ വിശദീകരണം കേട്ടില്ലെന്നും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസിനി സഭ സിസ്റ്റര്‍ ലൂസിയ്ക്കെതിരെ തിരിയുന്നത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതു മുതല്‍ സിസ്റ്റര്‍ കോണ്‍വെന്ള്‍റ് അധികൃതരിൽ നിന്നും എതിർപ്പുകൾ നേരിടുകയായിരുന്നു. അതിനെ തുടര്‍ന്ന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അതേസമയം, സിസ്റ്ററെ അവര്‍ താമസിക്കുന്ന മാനന്തവാടി കാരക്കാമല മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തിൽ തന്നെ തുടരാനും നിയമപോരാട്ടം നടത്താനുമാണ് സിസ്റ്റര്‍ ലൂസിയുടെ തീരുമാനം. 

സിസ്റ്റർ  ലൂസി എഴുതിയ ‘കർത്താവിന്‍റെ  നാമത്തിൽ’ എന്ന പുസ്തകത്തിൽ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയര്‍ത്തിയിരുന്നു. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ പുസ്തകത്തിൽ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്‍തകത്തില്‍ ആരോപിക്കുന്നു.