8 വർഷത്തിനിടെ മരിച്ചത് 30-ലധികം അന്തേവാസികൾ; പുതുജീവൻ ട്രസ്റ്റിലെ മരണങ്ങൾ ദുരൂഹമെന്ന് അഡി. ജില്ലാ മജിസ്ട്രേറ്റ്

single-img
1 March 2020

ചങ്ങനാശേരി , തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി തെളിവെടുപ്പിൽ കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനിൽ ഉമ്മൻ പറഞ്ഞു. അതേസമയം, സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ തെളിവെടുപ്പിന് ശേഷമാണ്, സ്ഥാപനത്തിലെ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ എഡിഎം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 2012 മുതലുള്ള രജിസ്റ്റർ പരിശോധിച്ചതിൽനിന്ന് ഇതുവരെ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉൾപ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും എഡിഎം പറഞ്ഞു.

സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്. നിലവിൽ  സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിൻബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികൾ മരിച്ച വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

ഫെബ്രുവരി 23-ാം തീയതിയാണ് അഗതി മന്ദിരത്തിലെ ആദ്യമരണം സംഭവിക്കുന്നത്. മുക്കൂട്ടുതറ സ്വദേശിനിയായ ഷെറിന്‍(44) ആണ് അന്ന് മരണപ്പെട്ടത്. രാത്രിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആദ്യം  നിരീക്ഷണമുറിയിലേക്ക് മാറ്റി. എന്നാല്‍ തളര്‍ച്ച ബാധിച്ചതോടെ പുഷ്പഗിരി ആശുപത്രിയിലേക്കും തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.

അതേസമയം, സമാന രോഗലക്ഷണങ്ങൾ കാട്ടിയ മറ്റൊരു അന്തേവാസിയെകൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 6-പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.