ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണം: കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
1 March 2020

ഇറാനിലെ അസലൂരിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് കത്തയച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് നാട്ടിലേയ്ക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി കത്തെഴുതിയത്.

നൂറോളം ഇന്ത്യാക്കാർ ഇറാനിലെ അസലൂരിൽ കുടുങ്ങിക്കിടക്കുകയാണെന്നും അതിൽ 60ലധികം പേർ മലയാളികളാണെന്നും മുഖ്യമന്ത്രിയുടെ കത്തിൽപ്പറയുന്നു. കൊറോണ വൈറസ് (COVID 19) ബാധയെത്തുടർന്ന് മടങ്ങാനാകാതെ കുടുങ്ങിയ അവരെ തിരിച്ചെത്തിക്കാൻ എംബസി അധികൃതരെ ചുമതലപ്പെടുത്തണമെന്നാണ് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

ഇവരെ രക്ഷപ്പെടുത്താനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് നോര്‍ക്ക അറിയിച്ചിരുന്നു. തൊഴിലാളികളുടെ മോചനത്തിന് നോര്‍ക്കയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അനുവദനീയമെങ്കില്‍ അവരെ തിരികെ കൊണ്ടുവരും. ആഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നുമാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. 

പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിയതത്‍. നിലവിൽ ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. നാല് മാസം മുമ്പാണ് ഇവർ ഇറാനിലേക്ക് പോയത്.