കളമശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ മരിച്ച യുവാവിന് കൊറോണയില്ല

single-img
1 March 2020

തിരുവനന്തപുരം: മലേഷ്യയില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഗുരുതരമായ വിധത്തില്‍ ന്യൂമോണിയ പിടിപ്പെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി 12 മണിയോടെ നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ യുവാവിനെ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ ആദ്യ പരിശോധന നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലവും നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകമാനം 206 പേരാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളത്.