ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും 20,000 വച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം; കബളിപ്പിക്കപ്പെട്ടത് തിനാലായിരത്തോളം മലയാളികൾ: തട്ടിയെടുത്തത് 3500 കോടി

single-img
1 March 2020

ആയിരക്കണക്കിന് കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പിൽ കുടുങ്ങി മലയാളികൾ. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിൽ കേരളത്തില്‍നിന്ന് പതിനാലായിരത്തോളം പേരാണ് ഇരയായതെന്നാണ് സൂചനകൾ. സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസാണ് ഈ വാർത്ത പുറത്തു വിട്ടിട്ടുള്ളത്. 

പരാതിക്കാരുടെ കൂട്ടായ്മ ശേഖരിച്ച കണക്കനുസരിച്ച് യൂണിവേഴ്സല്‍ ട്രേഡിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം കേരളത്തില്‍ നിന്നുമാത്രം 3500 കോടി രൂപയിലധികം തട്ടിയെടുത്തിട്ടുണ്ട്. ദിവസേന നൂറുകണക്കിന് കോടികളുടെ ഇടപാട് നടന്നിരുന്ന ഓഫിസിന്റെ ഗേറ്റ് ഇന്ന് പുറത്തു നിന്നും പൂട്ടിയ നിലയിലാണ്.  

ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും ഇരുപതിനായിരം രൂപ വച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം മടക്കിനല്‍കും. ഈ വാഗ്ദാനത്തില്‍ വീണവര്‍ ബന്ധുക്കളേയും സുഹൃത്തുകളേയുമൊക്കെ നിക്ഷേപത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കമ്പനിയും ഉടമയും കൂട്ടാളികളും ഉന്നത രാഷ്ട്രീയ, പൊലീസ് സംരക്ഷണത്തില്‍ കോയമ്പത്തൂരില്‍ ഇപ്പോഴും വിലസുകയാണെന്നാണ് റിപ്പോർട്ടുകൾ. 

ഓഫീസിനെപ്പറ്റി കൂടുതൽ വിവരങ്ങൾ തിരക്കുക  എന്ന ഉദ്ദേശ്യത്തോടെ പത്രക്കാർ എത്തിയപ്പോൾ വൃക്കരോഗിയായ മകന് ചികില്‍സയ്ക്കുള്ള പണം ചോദിച്ചെത്തിയ കൊടുങ്ങല്ലൂരുകാരനായ വയോധികന്‍ റോഡരികില്‍ കുത്തിയിരിക്കുകയായിരുന്നുവെന്നും മനോരമ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. . 

ക്യാമറ കണ്ടിട്ടാവണം യൂണിവേഴ്സല്‍ ഉടമയുടെ ഗുണ്ട പുറത്തുവന്നു. ക്യാമറാമാന്റെ ചിത്രങ്ങള്‍ പകര്‍ത്തി.മിനിറ്റുകള്‍ക്കകം ഒട്ടേറെ വാഹനങ്ങള്‍ കുതിച്ചെത്തി. ഓഫിസ് പരിസരത്ത് ആളുകള്‍ നിരന്നു. പക്ഷേ പണം നഷ്ടപ്പെട്ടവര്‍ക്ക് മറുപടി നല്‍കാന്‍ മാത്രം ആരുമില്ല. ഗേറ്റ് കടക്കാന്‍ പോലും അനുവാദമില്ലെന്നും ലേഖകൻ പറയുന്നു.