അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുന്ന ചെരിപ്പുകൾ: ദേവനന്ദയുടെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘം

single-img
1 March 2020

കൊല്ലത്ത് വെള്ളത്തിൽ വീണുമരിച്ച രീതിയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു പൊലീസ് തയ്യാറാകുന്നു. ദേവനന്ദയുടെ മരണത്തിൽ  മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകിയിരിക്കുന്നത്. കണ്ണനല്ലൂർ സിഐ യു.വി.വിപിൻകുമാറിനാണ് അന്വേഷണച്ചുമതല.അന്വേഷണത്തിൻ്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധരടങ്ങിയ സംഘം ഇന്നോ നാളെയോ സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് സൂചനകൾ. 

വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം, പിറ്റേന്നു ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. 

ദേവനന്ദയുടെ അമൃതദേഹത്തിൻ്റെ പോസ്റ്റുമാർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥലത്തെത്തുന്നത്. പൊലീസിന്റെ അഭ്യർഥന പ്രകാരം കൂടുതൽ തെളിവുകൾ ശേഖരിക്കുകയെന്നതാണ് സംഘത്തിൻ്റെ ചുമതല.  മുങ്ങി മരണമാണെന്നാണു പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല. അതേസമയം ആന്തരികാവയവങ്ങളുടെ സാംപിളുകളും വായിലെ സ്രവവും ഉൾപ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അറിവാകുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ്. 

മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ അതായത് വീടിനു 400 മീറ്ററോളം ദൂരെ  നടന്നുപോയ ദേവനന്ദ, ഇവിടുത്തെ താൽകാലിക നടപ്പാലം കയറവെ തെന്നി പുഴയിൽ വീണുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിൻ്റെ മതിൽ ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു. ഇതാണ് നാട്ടുകാരിൽ സംശയം ഉടലെടുത്തിരിക്കുന്നത്. 

ഇതേസമയം കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അതുകൊണ്ടുതന്നെ അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവനന്ദയെ കാണാതായതു രാവിലെ 10 മണിയോടെയായിരുന്നു. പത്തര മണിവരെ ഇവിടെങ്ങും ആരും വന്നില്ലെന്ന് അയൽവാസി സുരേഷ്കുമാർ ഉറപ്പു പറയുന്നുണ്ട്. ഈ സമയമത്രയും താൻ വീടിൻ്റെ ഉമ്മറത്ത് ഉണ്ടായിരുന്നുവെന്നാണ് സുരേഷ് കുമാർ പറയുന്നത്.

കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നുവെങ്കിലും പിന്നീട് അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. എന്നാൽ മൃതദേഹത്തിനൊപ്പം പക്ഷേ ഷാൾ ഉണ്ടായിരുന്നുവെന്നുള്ളത് സംശയം വർദ്ധിപ്പിക്കുകയാണ്. മാത്രമല്ല അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ എങ്ങനെ 400 മീറ്റർ ദൂരെ വരെ ഒറ്റയ്ക്കു പോയി എന്നുള്ളതും നാട്ടുകാർ ഉയർത്തുന്ന ചോദ്യമാണ്. 

വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെയാണു പുറത്തുപോയിരിക്കുന്നതെന്നുള്ളത് എടുത്തു പറയേണ്ടകാര്യമാണ്. ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയിൽ കിടപ്പുണ്ട്. ചെരിപ്പിടാതെ 400 മീറ്ററോളം ദൂരെ കുട്ടി നടന്നുപോകേണ്ട സാഹചര്യമില്ലെന്നു തന്നെ നാട്ടുകാർ കരുതുന്നു. ഒരുക്ഷേ അനുജനെ നോക്കാത്തതിന് അമ്മ ശകാരിച്ചാൽപ്പോലും ഇത്ര ദൂരം പിണങ്ങിപ്പോകേണ്ട മാനസികാവസ്ഥ ഏഴുവയസ്സുകാരിക്ക് ഉണ്ടാകുമോ എന്നുള്ളതും നാട്ടുകാർ ഉയർത്തുന്ന ചോദ്യമാണ്. 

ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഇൗ വീടിന് പിറകിലൂടെ ഒ‍ാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പടിക്കൽ വരെ ചെന്നുനിൽക്കുകയായിരുന്നു. മൃതദേഹം കണ്ട സ്ഥലത്ത് കുട്ടിയെ കാണാതായ ദിവസം രാത്രി വരെ തിരച്ചിൽസംഘങ്ങൾ പരിശോധന നടത്തിയിരുന്നുവെങ്കിലും മൃതദേഹം കാണാൻ സാധിച്ചിരുന്നില്ല. 

കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെങ്കിൽ ദേഹത്തെ പാടുകളായോ ക്ഷതങ്ങളായോ അതു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായേനെ. ദേവനന്ദയുടെ മൃതദേഹത്തിൽ അത്തരം പാടുകളൊന്നുമില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. കടത്തിക്കൊണ്ടുപോയെങ്കിൽ പിന്നെന്തിനാണെന്ന ചോദ്യവും ഈ സാഹചര്യത്തിൽ ഉയരുന്നുണ്ട്.