ദേവനന്ദ പോയ വഴി കൃത്യതയോടെ കാട്ടിത്തന്നത് റീന

single-img
1 March 2020

ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകുമെന്ന സൂചനകൾ ആദ്യഗ തന്നത് റീന എന്ന പൊലീസ് നായയാണ്. കൃത്യമായി റീന നടന്ന വഴിയിലും അവൾ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലർച്ചെയോടെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതും. കുട്ടിയെ കാണാതായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു തുമ്പില്ലാതെ കേരളമാകെ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീന എത്തിയത്. കൂടെ ഹാൻ‍ഡ്‌ലർമാരായ എൻ.അജേഷും എസ്.ശ്രീകുമാറുമുണ്ടായിരുന്നു. 

ദേവനന്ദയുടെ ഒരു വസ്ത്രം ഹാൻഡ്‌ലർമാർ റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. തുടർന്ന്  വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി നിന്നു. ആൾ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

തുടർന്ന് വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി നിന്നു. പിന്നാലെ  നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തുകയായിരുന്നു. 

അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊലീസ് നായ നൽകുന്ന സൂചനകളിൽ നിന്നും ഇത് വ്യക്തമാണ്. ഈ നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതും.