സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസ് വിവരങ്ങൾ കൈമാറിയില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിലേക്ക് കടക്കുന്നു

single-img
1 March 2020

ബിജെപിക്ക് എതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസ് വിവരങ്ങൾ കൈമാറാത്തതിനണ് ബിജെപിക്ക് വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയത്. രണ്ടുതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രതികരിക്കാത്തതിനാലാണ് തിരഞ്ഞെടുപ്പ് ഓഫീസർ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മറ്റു രാഷ്ട്രീയപ്പാർട്ടികളെല്ലാം കേസ് വിവരം കൈമാറി. ബിജെപി. കമ്മിഷന്റെ ആവശ്യത്തോടു പ്രതികരിച്ചില്ല. രണ്ടുതവണ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പാർട്ടിക്ക് കത്ത് നൽകി. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്ന് മുഖ്യതിരഞ്ഞെുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു. വിവരം യഥാസമയം അറിയിച്ചില്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും സുപ്രീംകോടതിയെയും അറിയിക്കുമെന്നും സ്ഥാനാർഥികളെ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസ് വിവരം ഏതെങ്കിലും ഒരു പത്രത്തിൽ മൂന്നുതവണയോ മൂന്നുദിനപത്രങ്ങളിൽ ഓരോ തവണയോ പ്രസിദ്ധീകരിക്കണമെന്നാണ് നിബന്ധന. ചാനലുകളിലും വിവരം സംപ്രേഷണം ചെയ്യണം. രാവിലെ എട്ടിനും രാത്രി പത്തിനുമിടയിൽ ഏഴുസെക്കൻഡ് എങ്കിലും ദൈർഘ്യമുള്ള പരസ്യം മൂന്നുവട്ടം നൽകണം. പ്രസിദ്ധീകരിച്ച വിവരങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചിത മാതൃകയിൽ പരാതിപ്പെടാം.

തിരഞ്ഞെടുപ്പ് പൂർത്തിയായി ഒരുമാസത്തിനകം കേസ് വിവരം പ്രസിദ്ധപ്പെടുത്തിയത് കമ്മിഷനെ അറിയിക്കണം. സ്ഥാനാർഥികൾ ജില്ലാ വരണാധികാരിക്കും പാർട്ടികൾ മുഴുവൻ സ്ഥാനാർഥികളുടെയും വിവരം സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് കൈമാറേണ്ടത്. പ്രസിദ്ധീകരിച്ച പത്രം സഹിതം നിശ്ചിതമാതൃകയിലാണ് വിവരം സമർപ്പിക്കേണ്ടത്.