കൊൽക്കത്തയിൽ അമിത് ഷായുടെ റാലിയിൽ “ഗോലി മാരോ” മുദ്രാവാക്യങ്ങൾ

single-img
1 March 2020

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ “ഗോലി മാരോ” (വെടിയുതിർക്കൂ) മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി പ്രവർത്തകർ. പശ്ചിമബംഗാൾ മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരത്തിന്റെ ഹൃദയഭാഗത്ത് വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ സംസാരിക്കുമ്പോഴായിരുന്നു അണികൾ ഈ മുദ്രാവാക്യം മുഴക്കിയത്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും, പിന്നീട്, ദില്ലി കലാപത്തിന് തൊട്ടുമുമ്പും, കലാപം നടക്കുന്ന സമയത്തും അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി പ്രവർത്തകർ മുഴക്കിയ ”ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ” (ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ) എന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് കൊൽക്കത്തയിലെ റാലിയിൽ ഒരുകൂട്ടം കാവിക്കൊടിയേന്തിയ ബിജെപി പ്രവർത്തകർ പരസ്യമായി മുഴക്കിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിക്കുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അമിത് ഷാ അവകാശപ്പെട്ടു. ചെറിയ വിജയമായിരിക്കില്ല അത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം 2021-ൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു.

ഒരാളുടെയും പൗരത്വം സിഎഎ കവർന്നെടുക്കില്ല. പ്രതിപക്ഷം ജനങ്ങളെയും അഭയാർത്ഥികളെയും ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിഎഎയുടെ പേരിൽ കലാപമുണ്ടാക്കാനാണ് മമതാ ബാനർജി ശ്രമിച്ചതെന്നും അമിത് ഷാ ആരോപിച്ചു.