ടിം സൗത്തിക്ക് മുന്നിൽ വീണ്ടും മുട്ടിടിച്ചു, ഡിആർഎസും പാഴാക്കി; കോലിക്കെതിരെ ആളിക്കത്തി ആരാധകരോക്ഷം

single-img
29 February 2020

ക്രൈസ്റ്റ്‌ചര്‍ച്ച്: തുടര്‍ച്ചയായ 21-ാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ കോലി വെറും മൂന്ന് റണ്‍സില്‍ വീണു. ഡിആർഎസും പാഴാക്കിയാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. ഇതോടെ കടുത്ത വിമര്‍ശനമാണ് കിംഗ് കോലിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ന്യൂസീലൻഡ് പേസ് ബോളർ ടിം സൗത്തിയുടെ ബോളിങ്ങിനോടുള്ള ഭയം വിട്ടുമാറാതെയോണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ക്രീസിലെത്തിയതെന്ന് വ്യക്തം.ടിം സൗത്തി തന്നെയാണ് കോലിക്ക് മടക്കടിക്കറ്റ് നല്‍കിയത്. പതിനഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് നില്‍ക്കേ ടിം സൗത്തി കോലിയെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.

ക്രിക്കറ്റിൽ മികച്ച കരിയർ നിലനിർത്തുന്ന കോലി ബാറ്റിങ്ങിൽ തുടരെ പരാജയപ്പെടുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. 51 റണ്‍സാണ് ന്യൂസീലൻഡ് പര്യടനത്തിൽ കോലിയുടെ ഉയർന്ന സ്കോർ. ന്യൂസീലൻഡ് പര്യടനത്തിൽ 20 റൺസെത്തുന്നതിന് മുൻപ് താരം പുറത്താകുന്നത് ഏഴാം തവണ. കഴിഞ്ഞ 21 ഇന്നിങ്സുകളിൽനിന്നായി കോലിക്ക് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. ബംഗ്ലദേശിനെതിരെ കൊൽക്കത്തയിൽ നടന്ന ഡേ– നൈറ്റ് ടെസ്റ്റിലാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്.

കോലിയടക്കമുള്ള മുന്‍നിര മികവിലേക്കുയരാതിരുന്ന മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 242 റണ്‍സില്‍ പുറത്തായിരുന്നു. 63 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കെയ്‌ല്‍ ജമൈസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല.