ഒരു റിസേർച്ചും നടത്താതെ നിർമ്മിച്ച പൊതുബോധത്തിലൂന്നിയ ഒരു സാദാ തട്ടുപൊളിപ്പൻ സിനിമ; ഇല്ലാത്തതും പലതും പറഞ്ഞു, പറയേണ്ടത് പലതും പറഞ്ഞില്ല: ട്രാൻസ് സിനിമയ്ക്ക് ഒരു വ്യത്യസ്ത നിരൂപണം

single-img
29 February 2020

ട്രാൻസ് സിനിമയക്ക് വ്യത്യസ്തമായല ഒരു നിരൂപണവുമായി എത്തിയിരിക്കുയാണ് സോഷ്യൽ മീഡിയയിൽ ചിരപരിചിത മുഖമായ സജി മാർക്കോസ്. പ്രാർത്ഥിച്ചു രോഗികളെ കൊല്ലുന്നവരും നൊടിയിടയിൽ കോടിപതികളായ പാസ്റ്റർമാർ ഉണ്ടാകുന്നതും എങ്ങിനെയെന്നോ, അവർ എങ്ങിനെ നിലനിൽക്കുന്നു, അവർ എങ്ങിനെവളരുന്നു എന്നോ , അവർ പ്രചരിപ്പിക്കുന്ന പ്രോസ്പെരറ്റി ഗോസ്പൽ സമൂഹത്തിലും ഫാമിലികളിലും ഉണ്ടാക്കുന്ന ഇമ്പാക്ട് എന്തെന്നോ, ഒരു ധാരണയും ഇല്ലാത്തവർ, ഒരു റിസേർച്ചും നടത്താതെ നിർമ്മിച്ച പൊതുബോധത്തിലൂന്നിയ ഒരു സാദാ തട്ടുപൊളിപ്പൻ സിനിമയാണ് ട്രാൻസ് എന്ന് സജി മാർക്കോസ് പറയുന്നു. 

തൊലിപ്പുറത്തെ ചിന്തകളേ ഈ പടത്തിലുമുള്ളൂവെന്നും പക്ഷേ ഇതൊന്നുമല്ല സത്യമെന്നും അദ്ദേഹം പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

ട്രാൻസ് കണ്ടു. – ഒറ്റ വാക്കി ൽ പറഞ്ഞാൽ ഒരു ആവറേജ് കൂറ സിനിമ . പ്രാർത്ഥിച്ചു രോഗികളെ കൊല്ലുന്നവരും നൊടിയിടയിൽ കോടിപതികളായ പാസ്റ്റർമാർ ഉണ്ടാകുന്നതും എങ്ങിനെയെന്നോ, അവർ എങ്ങിനെ നിലനിൽക്കുന്നു, അവർ എങ്ങിനെവളരുന്നു എന്നോ , അവർ പ്രചരിപ്പിക്കുന്ന പ്രോസ്പെരറ്റി ഗോസ്പൽ സമൂഹത്തിലും ഫാമിലികളിലും ഉണ്ടാക്കുന്ന ഇമ്പാക്ട് എന്തെന്നോ, ഒരു ധാരണയും ഇല്ലാത്തവർ, ഒരു റിസേർച്ചും നടത്താതെ നിർമ്മിച്ച പൊതുബോധത്തിലൂന്നിയ ഒരു സാദാ തട്ടുപൊളിപ്പൻ സിനിമ- അത്രെയുള്ളൂ ട്രാൻസ്.

രോഗ ശാന്തി കച്ചവടം ചെയ്യുന്നവരും, കോടികൾ സംബാധിച്ചു കൂട്ടുന്നവരും വിശ്വാസികളല്ല ,യാദാർത്ഥ ദൈവ വിശ്വാസികൾക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല, ബൈബിൾ (വിശുദ്ധഗ്രന്ഥങ്ങൾ) മഹത്തായ കൃതികളാണ്, വിശുദ്ധഗ്രന്ഥങ്ങൾ ഇത്തരം പ്രവണതകൾക്കൊക്കെ എതിരാണ്, നല്ല മതവിശ്വാസികളെ/ സമുദായത്തെ വേദനപ്പിക്കരുത്, പക്ഷേ, കുറച്ച് വ്യാജന്മാർ ഇതിനിടയിലുണ്ട് – എന്നൊക്കെയുള്ള തൊലിപ്പുറത്തെ ചിന്തകളേ ഈ പടത്തിലുമുള്ളൂ.

പക്ഷേ ഇതൊന്നുമല്ല സത്യം.

1. രോഗ ശാന്തി പൂർണ്ണമായും ബൈബിളിനുള്ളിൽ തന്നെയുള്ള ഉപദേശമാണ്. ബിബ്ളിക്കലി അത് ഗ്രേഡ് കുറഞ്ഞതോ വ്യാജമോ ആയ വിശ്വാസമല്ല. കുറച്ചുകാലം മുൻപ് ഒരു പാസ്റ്ററിന്റെ ഡെഡ്ബോഡി ഉയർത്തെഴുന്നേൽക്കും എന്ന് വിചാരിച്ച് മൂന്നു ദിവസം വച്ചുകൊണ്ടിരിന്നത് എനിക്കറിയാവുന്ന ഒരു വീട്ടിലാണ്, ചെയ്തത് അഭ്യസ്തവിദ്യരുമാണ്. വിശ്വസിച്ചാൽ മരിച്ചവർ ഉയത്തെഴുന്നേൽകും എന്ന് അവർ ആഴത്തിൽ വിശ്വസിക്കുന്നുണ്ട്.- കാരണം ബൈബിൾ അങ്ങിനെ പറയുന്നുണ്ട്. പ്രാർത്ഥിച്ചാൽ രോഗം മാറും എന്ന് കരുതുന്നില്ലെങ്കിൽ , മരിച്ചവൻ ഉയർക്കും എന്ന് കരുതുന്നില്ലെങ്കിൽ – അവനാണ് കപടവിശ്വാസി. എന്നുവച്ചാൽ, കബളിപ്പിക്കുകയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ രോഗശാന്തി ചെയ്യുന്നവരാണ് കേരളത്തിലുള്ളത് എന്നത് തെറ്റിദ്ധാരണയാണ്. ഏതായാലും JC യേപ്പോലൊരാൾ കേരളത്തിലുള്ളതായി എന്റെ അറിവിലില്ലില്ല, ഇക്കാര്യത്തിൽ എന്റെ അറിവ് അത്ര മോശമല്ല എന്ന് മുങ്കൂർ ജാമ്യം. (ഇൻഡ്യക്ക് വെളിയിൽ ധാരാളം ഉണ്ട് താനും).

2. പണം വാരിക്കൂട്ടുന്നതിനെ ന്യായീകരിക്കുന്ന പ്രോസ്പ്രിറ്റി ഗോസ്പൽ ബൈബിളടിസ്ഥാനത്തിലുള്ളതാണ്. ഉല്പത്തി 12 :1 അബ്രഹാമിനോട് യഹോവ പറയുന്നു “ I will make of you a great nation, and I will bless you and make your name great” ഇവിടം മുതൽ വെളിപ്പാട് വരെ മനുഷ്യനെ സമ്പന്നനും ആരോഗ്യവാനും സന്തോഷമുള്ളവനും ആക്കി തീർക്കുകയാണ് ദൈവത്തിന്റെ ഉദ്ദേശം എന്ന് പറയുന്ന ധാരാളം വാചകങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് prosperity gospel വളരുന്നത് . കോട്ടയം ബ്രദറന്മാർ മുതൽ ട്രംബിന്റെ സ്പിരിച്വൽ അഡ്വൈസർ പൗള വൈറ്റ് വരെ ഇതിൽ വിശ്വസിക്കുന്നവരാണ്. ഇവരുടെ ദൈവശാസ്ത്രത്തിനു പഴയനിയമത്തിലും പുതിയ നിയമത്തിലും ആഴത്തിൽ അടിത്തറയുണ്ട്, ബൈബിളിലെ അക്ഷരം കുഴിച്ചെടുത്ത് ഇവർക്ക് ആവശ്യമുള്ളത് മാത്രം പ്രസംഗിക്കാൻ ഇവർക്ക് അറിയാം. ഇവരെകൊണ്ട് മറ്റാരും ബിസിനസ് ചെയ്യിക്കുന്നതല്ല – അവരും അവരുടെ അനുയായികളും ഇതിനെ ബിസിനസ് ആയി കാണുന്നുമില്ല. അത് ദൈവവേലയാണ് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതായത് കേരളത്തിലെ പണം വാരികൂട്ടുന്ന സുവിശേഷ വ്യവസായികൾ ബൈബിളിനുള്ളിൽ നിന്നുകൊണ്ട് തന്നെ അത് ചെയ്യുന്നവരാണ്. ആധുനിക സമൂഹത്തിനു ചേരാത്ത അതിന്റെ നീതികേടുകളാണ് തുറന്നു കാണിക്കേണ്ടത്. അല്ലാതെ ബാലൻ കെ നായരുടെ കൊള്ള സംഘം പോലെ സിനിമ ഇറക്കിയാൽ അതിനു യാദാർഥ്യവുമായി ബന്ധമുണ്ടാകില്ല.

3. കേരളത്തിൽ ഏതീയസ്റ്റ് ആയ ഒരു പ്രമുഖ പാസ്റ്ററും ഇല്ല. എല്ലാവരും ദൈവ വിശ്വാസികളാണ്. അവരുടെ ഗോസ്പ ലിനുള്ളിൽ ഒന്ന് വച്ചാൽ നൂറു അടിക്കുന്ന തിയറി ഉണ്ട്. അല്ലാതെ നിരീശ്വരവാദിയോ പിന്നിൽ കച്ചവടമാഫിയോ ഇല്ല, അതിന്റെ ആവശ്യവുമില്ല.

4. എണ്ണയും വെള്ളവും വിലയ്ക്കോ അല്ലാതെയോ വിൽക്കുന്ന പാസ്റ്റർമാർ കേരളത്തിലില്ല. അത് കത്തോലിക്ക പുണ്യകേന്ദ്രങ്ങളിൽ ഉണ്ട് എന്ന് തോന്നുന്നു.( വിലയ്ക്കാണോ വിൽക്കുന്നത് എന്നറിയില്ല) .

പറഞ്ഞു വന്നതിന്റെ സാരം,കേരളത്തിൽ ആത്മീയ കച്ചവടം നടത്തുന്നത് ഏതെങ്കിലും നിരീശ്വര വാദിയോ, പിന്നിൽ പ്രവർത്ത്ക്കുന്ന മാഫിയയോ അല്ല . ബൈബിളിൽന്റെ ഉള്ളിൽ നിന്നു കൊണ്ട്, ബൈബിളിൽ വിശ്വസിക്കുന്ന കുഞ്ഞാടുകൾ തന്നെയാണ്. അവരാണ് പ്രാർത്ഥിച്ചു കൊല്ലുന്നത് . അവരാണ്ദൈവത്തിനു വേണ്ടി ഇൻവെസ്റ്റ് ചെയ്യൂ ദൈവം നൂറു മടങ്ങായി തിരികെ തരും എന്ന് പറഞ്ഞ് പണം പിടുങ്ങി നൊടിയിടകൊണ്ട് കോടി പതികളാകുന്നതും ടാക്സ് വെട്ടിക്കുന്നതും. . – ആ യാദാർത്ഥ്യത്തെ അഡ്രസ്സ് ചെയ്യാതെ , ഇല്ലാത്ത ഒരു പാസ്റ്ററിനെ ഉണ്ടാക്കി സത്യം തുറന്നു കാണിക്കുന്നു എന്നൊക്കെ അവകാശപ്പെട്ടാൽ – ഇത്രയുമേ പറയാനുള്ളൂ- സിനിമ നിർമ്മിച്ചവർക്ക് ശരിക്കുള്ള “കേസ്കെട്ട്“ എന്താണെന്ന് പിടികിട്ടിയിട്ടില്ല.

കേരളത്തിൽ ഞൊടിയിടകൊണ്ട് മില്ല്യണയർ ആയി വളർന്ന പാസ്റ്റർമാരെല്ലാവരുടെയും തുടക്കം വളരെ സാധാരണനിലയിൽ തന്നെയായിരുന്നു . പക്ഷേ, വളർന്ന എല്ലാവരും അതിസമർത്ഥന്മാരായിരുന്നു. സ്ഥലം വാങ്ങുന്ന കാര്യത്തിൽ, ബിസിനസ് സ്റ്റ്രാറ്റെജികൾ ഉണ്ടാക്കുന്ന കാര്യത്തിൽ, സഭ വികസിപ്പിക്കുന്ന കാര്യത്തിൽ, ഗുണമുണ്ടാകുന്ന ബന്ധങ്ങളുണ്ടാക്കുന കാര്യത്തിൽ, നികുതി-നിയമങ്ങൾ മറികടക്കുന്നതിനുള്ള ഉപാധികൾ കണ്ടെത്തുന്ന കാര്യത്തിൽ സ്റ്റാഫുകളേയും ഏഡിസികളെയും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ, സംസ്ഥാനത്തെ ഏറ്റവും നല്ല വക്കീലന്മാരെ സംഘടിപ്പിക്കുന്ന കാര്യത്തിൽ, – എല്ലാ മേഖലകളിലും ശാസ്ത്രബോധമുള്ളവരും യുക്തിബോധമുള്ളവരും പ്രായോഗിക ജ്ഞാനമുള്ളവരും ആണു, – ആത്മീയ വിഷത്തിലൊഴികെ- അതെങ്ങിനെ സാധ്യമാകുന്നു എന്നതാണ് അന്വേഷണ വിധേയമാക്കേണ്ടത്.

അതുകൊണ്ട്, ആലുമൂടനും, മണവാളനും, സിനിമയിൽ അഭിനയിച്ച് കാണിക്കുന്നവരൊന്നുമല്ല ഇന്നത്തെ പ്രോസ്പരറ്റി ഗോസ്പൽ പറയുന്ന സുവിശേഷകന്മാർ. (ആ നിലയിൽ ഫഗദിന്റെ തിരഞ്ഞെടുപ്പ് ഗംഭീരമായി). ബഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യവസതിയിലേക്ക് നേരിട്ട് ഫോൺ വിളിക്കാൻ അക്സസ് ഉള്ള പാസ്റ്റർമാർ ഇന്നു കേരളത്തിലുണ്ട്.

കുട്ടികളുൾപ്പടെയുള്ള രോഗികളെ പ്രാർത്ഥിച്ചു കൊല്ലുന്നതും നൊടിയിടയിൽ കോടിപതികളാകുന്ന സുവിശേഷവ്യാപാരവും രോഗശാന്തിയും ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്. പക്ഷേ, അത് യാദാർത്ഥ്യത്തിലൂന്നി നിന്നുകൊണ്ടാകണം,അല്ലാതെ ഒരു യാദാർത്ത്യവുമായി ബന്ധമില്ലാത്ത ഒരു വൈക്കോൽ പാസ്റ്ററിനെ ഉണ്ടാക്കി അതിനെ തല്ലിക്കൊന്നിട്ട് ഹുറെയ് വിളിച്ചാൽ എന്തു ഗുണം!.

ഇന്നത്തെ സാഹചര്യത്തിൽ പറയാൻ പാടില്ലാത്ത ഒന്നുണ്ട് – പക്ഷേ അറിഞ്ഞിരിക്കേണ്ടതും . അമ്പലത്തിലെ ഉത്സവം നടക്കുമ്പോൽ അന്യദൈവങ്ങളെ ആക്ഷേപിച്ചു ഉത്സവ പറമ്പിലൂടേ നോട്ടീസ് കൊടുത്തുകൊണ്ട് പാസ്റ്റർമാർ നടന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. മത സ്പർദ്ധ വളർത്തുന്നതുന്നതിൽ ചെറുതല്ലാത്ത സംഭാവന അവരും ചെയ്തിട്ടുണ്ട് – അങ്ങിനെ ഇല്ലാത്തതും പലതും പറഞ്ഞും, പറയേണ്ടത് പലതും പറയാത്തതുമായ ഒരു സിനിമ – അതാണ് ട്രാൻസ്.

അവസാനമായി- ഫഹദിന്റെ കൂടെ സിനിമ സെറ്റിൽ എത്തിയപ്പോൾ നസറിയക്ക് ചുമ്മാ ഒരു റോൾ കൊടുത്തതാണ് എന്ന് കരുതുനു.. എങ്കിലും നെതർലാഡ് റെഡ്ലൈറ്റ് ഡിഷ്റ്റ്രിക്ടിൽ എന്തിനു പോയി എന്ന് ഒരു പിടിയും കിട്ടുന്നില്ല.

വിനായകനും, പതിവുപോലെ ഫഹദും കസറി-

(PS: സിനിമ കാണരുതെന്നോ, തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു എന്നോ പറഞ്ഞ് കാശുമുടക്കിയവന്റെ വയറ്റത്തടിക്കുകയല്ല ഉദ്ദേശം – എല്ലാവരും സിനിമ കാണണം, നിങ്ങൾക്ക് മറ്റൊരു അഭിപ്രായം ഉണ്ടാകാൻ പാടില്ലായ്കയില്ലല്ലോ, ഞാൻ നല്ലൊരു സിനിമ ആസ്വാദകൻ പോലുമല്ല )